ചെന്നൈ : കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കടുത്ത നടപടികൾ എടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനുമായി ചർച്ച നടത്തി. വ്യാഴാഴ്ച വിദഗ്ധ മെഡിക്കൽ സംഘവുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും.

കോവിഡ് നിയന്ത്രിക്കാൻ എടുക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളിലെ അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ ചെന്നൈയുൾപ്പെടെ എല്ലാ നഗരങ്ങളിലും കോവിഡ് ബാധിതർ വർധിച്ചു വരുന്നതിനാൽ രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കൈക്കൊള്ളാമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.

വെള്ളിയാഴ്ച മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്നും നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

ആരോഗ്യവകുപ്പിനു മെഡിക്കൽ സംഘം സമർപ്പിച്ച നിർദേശങ്ങൾ

 • സർക്കാർ ഓഫീസുകളിൽ ഹാജർ 50 ശതമാനമായി കുറയ്ക്കുക.
 • സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിക്കുക.
 • പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ പ്രവേശനം നിരോധിക്കുക.
 • പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങൾ വില്പനനടത്തുന്ന എല്ലാവരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കുക.
 • പൊതു, സ്വകാര്യ ബസ് സർവീസുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കാതിരിക്കുക. തീവണ്ടി, വിമാന സർവീസുകളെക്കുറിച്ച് പരാമർശമില്ല.
 • മെഡിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, ഇൻഷുറൻസ്, ടെലികമ്യൂണിക്കേഷൻ, വൈദ്യുതി വകുപ്പ്, ജലവിതരണം തുടങ്ങിവയുടെ പ്രവർത്തനം തടസ്സപ്പെടരുത്.
 • തിയേറ്ററുകൾ, മാളുകൾ, ക്ലബ്ബുകൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ ആവശ്യപ്പെടുക.
 • ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെക്കുക.
 • ഹോട്ടലുകളിലൂടെയുള്ള ഭക്ഷണവിതരണം പാർസലുകളിലൂടെ മാത്രമാക്കുക.
 • ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് സാധനങ്ങൾ എത്തിക്കുന്ന എല്ലാ ജീവനക്കാരും കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്നത്‌ നിർബന്ധമാക്കുക. അല്ലാത്തവർക്ക് 1000 രൂപ പിഴ വിധിക്കുക. വാക്സിൻ എടുക്കാത്തവരെക്കൊണ്ട് സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപയും പിഴ വിധിക്കുക.
 • ബാർബർ ഷോപ്പുകൾ അടച്ചിടുക
 • നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് താമസസൗകര്യമൊരുക്കുക.