ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ തവണത്തെക്കാൾ രണ്ട് ശതമാനം കുറവ് പോളിങ്. കഴിഞ്ഞ തവണ 74.81 ശതമാനമായിരുന്ന സ്ഥാനത്ത് ഇത്തവണ 72.78 ശതമാനമായി കുറഞ്ഞു. ജില്ലകളിൽ ഏറ്റവുംകൂടുതൽ പോളിങ് കരൂരിലാണ് (83.92 ശതമാനം). ഏറ്റവും കുറവ് ചെന്നൈയിലാണ് (59.06 ശതമാനം). മണ്ഡലങ്ങളിൽ ഏറ്റവുംകൂടുതൽ പോളിങ് ധർമപുരി ജില്ലയിലെ പാലക്കോടാണ്. ഇവിടെ 87.33 ശതമാനമാണ് പോളിങ്. ഏറ്റവുംകുറവ് പോളിങ് ചെന്നൈയിലെ വില്ലിവാക്കം (55.52 ശതമാനം) മണ്ഡലത്തിലാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചെന്നൈ ജില്ലയിലായിരുന്നു ഏറ്റവുംകുറവ് (60.99 ശതമാനം) പോളിങ് രേഖപ്പെടുത്തിയത്. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒരുശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനം ചെന്നൈയിലെ മണ്ഡലങ്ങളിൽ പോളിങ് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ കരൂർ ജില്ലയിൽ 83.09 ശതമാനം പോളിങ് നടന്നിരുന്നു. ഇത്തവണ ഏറ്റവുംകുറവ് പോളിങ് നടന്ന വില്ലിവാക്കത്ത് കഴിഞ്ഞ പ്രാവശ്യം 60.92 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഇവിടെയുണ്ടായിരിക്കുന്നത്.

കരൂർ, അരിയല്ലൂർ, ധർമ്മപുരി, കള്ളക്കുറിച്ചി എന്നീ നാല് ജില്ലകളിൽ 80 ശതമാനത്തിനുമുകളിൽ പോളിങ് നടന്നു. ചെന്നൈ കഴിഞ്ഞാൽ തിരുനൽവേലി (66.65 ശതമാനം), ചെങ്കപ്പേട്ട് (68.18), കന്യാകുമാരി (68.67) ജില്ലകളിലാണ് കുറവ് പോളിങ് നടന്നത്. ആകെയുള്ള 37 ജില്ലകളിൽ എട്ട് ജില്ലകൾ ഒഴികെയുള്ളവയിൽ 70 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. 22 ജില്ലകളിലെ പോളിങ് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്.

 • കരൂർ 83.92%
 • അരിയല്ലൂർ 82.47%
 • ധർമപുരി 82.35%
 • കള്ളക്കുറിച്ചി 80.14%
 • നാമക്കൽ 79.72%
 • സേലം 79.22%
 • പെരമ്പല്ലൂർ 79.09%
 • തിരുവണ്ണാമല 78.62%
 • വിഴുപുരം 78.56%
 • റാണിപ്പേട്ട് 77.92%
 • തിരുപത്തൂർ 77.33%
 • കൃഷ്ണഗിരി 77.30%
 • ദിണ്ടിഗൽ 77.13%
 • ഈറോഡ് 77.07
 • തിരുവാരൂർ 76.53%
 • കടലൂർ 76.50%
 • പുതുക്കോട്ട 76.41%
 • നാഗപട്ടണം 75.48%
 • തഞ്ചാവൂർ 74.13%
 • തിരുച്ചിറപ്പള്ളി 73.79%
 • വിരുദുനഗർ 73.77%
 • വെല്ലൂർ 73.73%
 • തെങ്കാശി 72.63%
 • കാഞ്ചീപുരം 71.98%
 • തേനി 71.75%
 • തിരുവള്ളൂർ 70.56%
 • മധുര 70.33%
 • തൂത്തുക്കുടി 70.20%
 • തിരുപ്പൂർ 70.12%
 • നീലഗിരി 69.68%
 • രാമനാഥപുരം 69.60%
 • ശിവഗംഗ 68.94%
 • കോയമ്പത്തൂർ 68.70%
 • കന്യാകുമാരി 68.67%
 • ചെങ്കപ്പേട്ട് 68.18%
 • തിരുനെൽവേലി 66.65%
 • ചെന്നൈ 59.06%
 • ആകെ 72.78%

പുതുച്ചേരിയിൽ മികച്ച പോളിങ്: മാഹിയിൽ 73.54 ശതമാനം

പുതുച്ചേരി : പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മെച്ചപ്പെട്ട പോളിങ്. പുതുച്ചേരി മേഖലയിൽ മൊത്തം 81.70 ശതമാനം പേർ വോട്ടു ചെയ്തു. ഏറ്റവും കൂടുതൽ പോളിങ് നടന്നത് മണ്ണടിപ്പേട്ടിലാണ്. 87.78 ശതമാനമായിരുന്നു ഇവിടെ. മാഹിയിൽ 73.54 ശതമാനാണ് പോളിങ്. കോൺഗ്രസിന്റെ രമേശ് പറമ്പത്തും സ്വതന്ത്ര സ്ഥാനാർഥി ഹരിദാസുമാണ് മാഹിയിലെ സ്ഥാനാർഥികൾ.

86.55 ശതമാനം പോളിങ് നടന്ന തിരുഭൂവാനിയിൽ ഡി.എം.കെയുടെ മുകിലനും എൻ.ആർ. കോൺഗ്രസ് മുൻ എം.എൽ.എ. ഗോപികയും തമ്മിലായിരുന്നു മത്സരം. ഒസുടുവിൽ 88.46 പോളിങ് രേഖപ്പെടുത്തി. മംഗലത്ത് 86.28, വെളിയന്നൂരിൽ 86.45 ശതമാനം എന്നിങ്ങനെയാണ് പോളിങ്. ഉഴവൂർകരയിൽ 76.14 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രി എൻ. രംഗസ്വാമി മത്സരിച്ച തട്ടാൻചാവടിയിൽ 75.09 ശതമാനമാണ് പോളിങ്.

എംബ്ലം മണ്ഡലത്തിൽ 87.37 വും നെട്ടമ്പാക്കത്ത് 85.77 ശതമാനം പേരും വോട്ടു ചെയ്തു. മറ്റൊരു പ്രധാന മണ്ഡലമായ പുതുച്ചേരി രാജ്ഭവനിൽ 72.68 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി.