ചെന്നൈ : സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ബുധനാഴ്ച 3986 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 9,11,110 ആയി ഉയർന്നു. രോഗം ബാധിച്ചവരിൽ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ 13 പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉൾപ്പെടും.

ചികിത്സയിൽക്കഴിഞ്ഞിരുന്ന 1824 പേർകൂടി സുഖംപ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 8,70,546 ആയി ഉയർന്നു. 17 പേർകൂടി മരിച്ചു. മരണസംഖ്യ 12,821 ആയി. സംസ്ഥാനത്ത് 27,743 പേരാണ് ചികിത്സയിൽക്കഴിയുന്നത്. ബുധനാഴ്ച 80,535 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചെന്നൈയിൽ 1459 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 556 പേർകൂടി രോഗമുക്തരായി. ആറുപേരാണ് മരിച്ചത്. ചെന്നൈയിൽ 10,685 പേരാണ് ചികിത്സയിൽക്കഴിയുന്നത്. ചെങ്കൽപ്പെട്ടിൽ രണ്ടുപേരും കോയമ്പത്തൂർ, മധുര, നാഗപട്ടണം, സേലം, തഞ്ചാവൂർ, തിരുവണ്ണാമലൈ, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകളിൽ ഒരാൾ വീതവും മരിച്ചു. ചെന്നൈയുടെ സമീപ ജില്ലകളായ ചെങ്കൽപ്പെട്ടിൽ 390, തിരുവള്ളൂരിൽ 208, കാഞ്ചീപുരത്ത് 94 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോയമ്പത്തൂരിൽ 332, തിരുപ്പൂരിൽ 141, തഞ്ചാവൂരിൽ 108, ദിണ്ടിഗലിൽ 94, തിരുച്ചിറപ്പള്ളിയിൽ 91, സേലത്ത് 90 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാജില്ലകളിലും ക്രമമായി രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. ഈസ്റ്റർ ആഘോഷത്തിനും വോട്ടുചെയ്യാനുമായി ചെന്നൈയിൽനിന്നും മറ്റുനഗരങ്ങളിൽനിന്നും സ്വന്തം നാടുകളിലേക്ക് പോകാൻ സംസ്ഥാനസർക്കാർ പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിരുന്നു. ഈ യാത്രക്കാരിൽ രോഗവാഹകരുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രോഗലക്ഷണമുള്ളവർ ഉടനെ പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതർ അഭ്യർഥിച്ചു. രോഗ ലക്ഷണമുള്ളവർ പരിശോധനയ്ക്ക് വിധേയമാകാൻ വൈകുന്നത് മരണനിരക്ക് വർധിക്കാൻ കാരണമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.