ചെന്നൈ : ‘തലൈവി’ സിനിമയുടെ പ്രദർശനത്തോടനുബന്ധിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട് മറീന ബീച്ചിലെ ജയലളിത സമാധിമണ്ഡപത്തിൽ സന്ദർശനം നടത്തി. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കുന്നതാണ് ചിത്രം. ജയലളിതയായി വേഷമിടുന്ന കങ്കണ സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പം സമാധിയിൽ പുഷ്പചക്രം സമർപ്പിച്ച് പ്രാർഥിച്ചു.

ബീച്ചിലുള്ള മുൻമുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, എം. കരുണാനിധി എന്നിവരുടെ സമാധിമണ്ഡപങ്ങളിലും നടി സന്ദർശനം നടത്തി. എ.എൽ. വിജയ് സംവിധാനംചെയ്യുന്ന ‘തലൈവി’ ഈമാസം പത്തിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിൽ അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി വേഷമിടുന്നത്. സമുദ്രക്കനി, ഷംന കാസിം, ഭാഗ്യശ്രീ, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം.

നേരത്തേ, സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാൻ നിർമാതാക്കൾ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഒ.ടി.ടി.യിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്ററുടമകൾ നിലപാടെടുത്തതോടെ ഒ.ടി.ടി. റിലീസിനുള്ള തീരുമാനം മാറ്റി. തിയേറ്ററിൽ പ്രദർശിപ്പിച്ച് നാലാഴ്ചയ്ക്കുശേഷമേ ഒ.ടി.ടി. റിലീസ് പാടുള്ളൂവെന്നാണ് തിയേറ്ററുടമകളുടെ നിലപാട്. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞത് പരിഗണിച്ച് കഴിഞ്ഞമാസമാണ് തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറന്നത്. 50 ശതമാനം കാണികൾക്കാണ് അനുമതി.