: ലോകത്തെവിടെ പോയാലും ഒരു ഇന്ത്യക്കാരനെ കാണാമെന്ന് തമാശയായി പറയാറുണ്ട്. ചന്ദ്രനിൽ മലയാളിയുടെ ചായക്കടയുണ്ടെന്നും കഥകൾ ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ തമാശയാണെങ്കിലും ഈ പ്രപഞ്ചം മുഴുവൻ മലയാളികൾ വ്യാപിച്ചുകിടക്കുന്നുവെന്ന വലിയ സത്യം പിന്നിലുണ്ട്. ലോക മലയാളികളിലേക്കൊന്നും തലയിടാതെ, തത്കാലം ചെന്നൈ മലയാളികളിലേക്കു കടന്നുവരാം. പ്രമുഖരെയും നയതന്ത്രജ്ഞരെയും സാമ്പത്തിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയുമൊക്കെ തത്കാലം ഇതിൽനിന്നു ഒഴിവാക്കാം. നമുക്ക് സുപരിചിതരായവരിലേക്കു വരാം.

ഗതിയില്ലാതെ വല യുന്നവരെപോലും സ്വന്തം മേൽവിലാസമുണ്ടാക്കാൻ അനുവദിക്കുന്നയിടമാണ് ചെന്നൈ. പക്ഷേ, കേരളത്തിൽ കഴിയുന്ന ഒരു തമിഴ്‌നാട്ടുകാരന് ഇതേ പരിഗണനയും അംഗീകാരവും ലഭിക്കുമോയെന്ന് സംശയമാണ്. കേരളം ഒരുപാടു വളർന്നെങ്കിലും മനസ്സ് ഇനിയും വിശാലമാകേണ്ടതുണ്ടെന്നു തോന്നിയിട്ടുണ്ട്. ചെന്നൈ എടുത്തുനോക്കൂ. വലിയവനും ചെറിയവനും ഒരുപോലെ മാന്യതയോടെ ജീവിക്കാനാവും. അതിനാലാണ് ഇവിടെ മലയാളികൾ സ്വന്തം അസ്ഥിത്വം ഉറപ്പിച്ചതും. മലയാളികൾ തങ്ങളുടെ പേരിനൊപ്പം ഇവിടത്തെ പ്രദേശങ്ങളുടെ വാലുവെച്ചാൽ പോലീസ് പിടിക്കില്ല. കോടതി കയറേണ്ടിവരില്ല. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ചെന്നൈ നൽകുന്നു.

കേരളത്തിൽനിന്ന് ചെന്നൈയിലെത്തുക. ഇവിടത്തെ ഒരു പ്രദേശത്തിന്റെ പേരിൽ അറിയപ്പെടുക. നല്ല കാര്യമാണിത്. ഔദ്യോഗികമായി ഒരു പേരുണ്ടെങ്കിലും ഇവിടത്തെ പ്രദേശങ്ങൾ വാലായി തൂങ്ങിനിൽക്കുമ്പോൾ രസകരമായി തോന്നും. ചെന്നൈ മലയാളിസമൂഹത്തിൽ സ്ഥിരം കേൾക്കുന്ന പേരാണ് ഡൗട്ടൺ മോഹൻ. പയ്യന്നൂർ സ്വദേശിയായ മോഹന്റെ വാലായി ഡൗട്ടൺ എന്ന സ്ഥലം കൂടിച്ചേർന്നപ്പോൾ മോഹൻ എന്ന വ്യക്തി ഡൗട്ടൺ മോഹനായി. മോഹന്റെ പേരിൽനിന്ന് ഡൗട്ടൺ വെട്ടിമാറ്റിയാൽ ഏതു മോഹൻ എന്ന് ആളുകൾ ചോദിക്കുന്ന അവസ്ഥയായി ഇപ്പോൾ.

ബിസിനസുകാരനായ വിജയൻ എന്ന വ്യക്തി മൂർമാർക്കറ്റ് വിജയനായത് എങ്ങനെയാണെന്നു അദ്ദേഹത്തിനുപോലും അറിയില്ല. എൻജിനിയറും മികച്ച സംഘടനാപ്രവർത്തകനുമായ പി.എ. സുരേഷ് കുമാർ തിരുവാൺമിയൂർ സുരേഷ് എന്ന പേരിലാണ് മലയാളികൾക്കിടയിൽ അറിയുന്നത്. കാരണം, അദ്ദേഹം താമസിക്കുന്നത് തിരുവാൺമിയൂർ എന്ന സ്ഥലത്താണ്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ക്ലമന്റ് താമസിക്കുന്നത് ഗുമ്മുഡിപ്പൂണ്ടി എന്ന സ്ഥലത്താണ്. അതിനാൽ ഗുമ്മുഡിപൂണ്ടി ക്ലമന്റ് എന്നപേരും ലഭിച്ചു. ചിട്ടി ഫണ്ട് ഉടമയായ പാലക്കാടുകാരൻ രാമചന്ദ്രൻ പാടി എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം പാടി രാമചന്ദ്രൻ എന്നറിയപ്പെട്ടതിൽ അദ്ഭുതമില്ല.

മലയാളിസംഘടനാ പ്രവർത്തകനായ എ.എം. ബിജുവിനെ മലയാളികൾ വിളിക്കുന്നത് ബ്രോഡ്‌വേ ബിജു എന്നാണ്. ബ്രോഡ്‌വേ എന്ന പ്രദേശത്ത് സ്വന്തമായി ബിസിനസും മലയാളിസംഘടനയുടെ ഭാഗവുമാണ് ബിജു. ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇ.എൻ. ജയചന്ദ്രനെ പലരും വിളിക്കുന്നത് ആദംപാക്കം ജയചന്ദ്രൻ എന്നാണ്. ആദംപാക്കത്ത് ഒരു മലയാളിസംഘടനയുടെ ഭാരവാഹിയായ ജയചന്ദ്രൻ താമസവും അതേ പ്രദേശത്താണ്. പ്രവാഹം എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന പ്രഭാകരൻ ഒരിക്കലും കരുതിക്കാണില്ല തനിക്ക് പ്രവാഹം പ്രഭാകരൻ എന്ന പേരു വീഴുമെന്ന്.

ഇഞ്ചമ്പാക്കം രവി, പാലവാക്കം ചന്ദ്രൻ, മാത്തൂർ സുരേഷ്, ഗിണ്ടി സുരേഷ്, ചൂളൈമേട് അശോകൻ, രാമാവരം ശശി, അമിഞ്ചിക്കര രവീന്ദ്രൻ, തിരുവാൺമിയൂർ മോഹൻദാസ്, പെരുങ്കുടി ഭാസ്‌കരൻ, കൊളത്തൂർ സജി, അയപ്പാക്കം സന്തോഷ് എന്നിങ്ങനെ പട്ടികയിൽ ഇനിയുമുണ്ട് ഒട്ടേറെപ്പേർ. ചെന്നൈയിലെ മലയാളി വ്യവസായ പ്രമുഖരുടെ പേരുകൾ നോക്കിയാൽ കാണുക മറ്റൊരു സവിശേഷതയാണ്. സ്വന്തം സ്ഥാപനങ്ങളുടെ പേരാണ് അവരുടെ പേരിനൊപ്പം കൂട്ടിച്ചേർത്തിരിക്കുന്നത്. സ്ഥാപനങ്ങളുടെ പേര് വെട്ടിമാറ്റിയാൽ ഇവർ ആരെന്നു ചോദിക്കുന്ന അവസ്ഥ.

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എം.ഡി. ഗോകുലം ഗോപാലൻ അറിയപ്പെടുന്നത് അദ്ദേഹം ചെന്നൈയിൽ പടുത്തുയർത്തിയ ഗോകുലം എന്ന സ്ഥാപനത്തിന്റെ പേരിലാണ്. പോപ്പുലർ അപ്പളം കമ്പനി ഉടമ വിജയകുമാർ അറിയപ്പെടുന്നത് പോപ്പുലർ വിജയകുമാർ എന്നാണ്. അംബിക ചിറ്റ്‌സ് ഉടമ ശിവകുമാറിനെ എല്ലാവരും വിളിക്കുന്നത് അംബിക ശിവൻ എന്നാണ്. പ്രമുഖ വ്യവസായ സ്ഥാപനമായ കൽപ്പക പാക്കേജസിന്റെ ചെയർമാൻ ഗോപാലൻ എന്ന വ്യക്തി കൽപ്പക ഗോപാലൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെ.പി. സുരേഷ് ബാബു അദ്ദേഹത്തിന്റെ ചിട്ടി ഫണ്ട് സംരംഭമായ നവോദയയുടെ പേരുകൂടി ചേർത്ത് നവോദയ ബാബു എന്നപേരിൽ അറിയപ്പെടുന്നു.

അർജുൻ അമരാവതി ചിട്ടി ഫണ്ടിന്റെ ഉടമയായ രാധാകൃഷ്ണൻ ചെന്നൈ മലയാളികൾക്കിടയിൽ അമരാവതി രാധാകൃഷ്ണനാണ്. ഗുരുവായൂരപ്പൻ ചിട്ടിഫണ്ട് ഉടമകളായ അച്ഛനും മകനും ഗുരുവായൂരപ്പൻ ബാലൻ, ഗുരുവായൂരപ്പൻ ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്നു. സി.ആർ. കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന രാമചന്ദ്രൻ സി.ആർ. എന്ന പേരിൽ അറിയപ്പെടുന്നു. സോണ കാറ്ററിങ് സ്ഥാപന ഉടമ ജയകുമാർ അറിയപ്പെടുന്നത് സോണ ജയകുമാർ എന്ന പേരിലാണ്. പ്രീമിയർ ലബോറട്ടറി ശൃംഖലകളുടെ ഉടമ ജനാർദനൻ ചെന്നൈ മലയാളികൾക്കിടയിൽ പ്രീമിയർ ജനാർദനനാണ്. ദേവി ട്രാൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ മുകുന്ദൻ ദേവി മുകുന്ദനായി. ഹൈടെക്ക് മനോഹരൻ, സ്‌നേഹ രാജു, അൻപകം റാഫി തുടങ്ങി ഇനിയുമുണ്ട് ഇത്തരം പേരുകൾ. ചായക്കട അസോസിയേഷൻ ഭാരവാഹികളായ ടി. അനന്തനെ ടീ കട അനന്തേട്ടൻ എന്നും സി.പി. അച്യുതനെ ചായക്കട അച്യുതേട്ടൻ എന്നും പലരും ചുരുക്കിവിളിക്കുന്നു.

ക്രസന്റ് സലിം ഉൾപ്പെടെ ചെന്നൈയിൽ ഹോട്ടലുകൾ നടത്തുന്ന പല മലയാളികളും അവരുടെ സംരംഭത്തിന്റെ പേരോടുകൂടിയാണ് വിളിക്കപ്പെടുന്നത്. ഇങ്ങനെ ചെന്നൈ മലയാളികളിൽ പേരുകൾ കൊണ്ടൊരു കോണിയും പാമ്പും കളി തന്നെ നടക്കുന്നുണ്ട്. അതേസമയം, സ്വന്തം പേരിനുള്ളിൽ യഥാർഥ പേര് ഒളിച്ചുവെച്ച് കണ്ടുപിടിക്കപ്പെടാനാവാതെയും നമുക്കുചുറ്റിലും പല മലയാളികളുണ്ട്. പി.കെ.എൻ. പണിക്കർ, ഇ.പി.ജി. നമ്പ്യാർ, ടി.എം.ആർ. പണിക്കർ, വി.ജി.എ. മോനോൻ, ആർ.വി.ജി. മേനോൻ, എൻ.ആർ. പണിക്കർ, കെ.കെ. മേനോൻ, വി.ഒ.എസ്.ടി. ഉണ്ണി ഇങ്ങനെ പോകുന്നു. ഇവരുടെ യഥാർഥ പേരെന്താണെന്ന് പലരും ചോദിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ആരെയും കുറ്റപ്പെടുത്താനോ മോശമായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ കുറിപ്പ്. പലരും മനസ്സിൽ പലപ്പോഴായി ചിന്തിച്ച കാര്യം തന്നെയായിരിക്കും ഇത്. അതിന് അക്ഷരങ്ങളെ കൂട്ടുപിടിച്ചു എന്നുമാത്രം. എന്തായാലും നമ്മൾ മലയാളികൾക്ക് ലോകമേ തറവാടാണ്. എന്നു വെച്ചാൽ ലോകം മുഴുവൻ സ്വന്തം തറവാടായി കാണുന്നവർ എന്നർഥം. എവിടെയാണ് അധിവസിക്കുന്നതെന്നുപോലും നോക്കാതെ നമ്മൾ നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ആ ജീവിതത്തിൽ ഇത്തരം ഊരും പേരും വാലും ഒക്കെ തമാശകളായി കടന്നുവരുന്നത് സ്വാഭാവികം.