ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാർഥിയാകാൻ തയ്യാറെടുത്ത് എം.ജി.ആറിന്റെ ചെറുമകനും.

എം.ജി.ആറിന്റെ വളർത്തുമകൾ സുധയുടെ മകൻ വി. രാമചന്ദ്രനാണ് മത്സരിക്കാൻ പാർട്ടിക്ക്‌ അപേക്ഷ നൽകിയത്. ആണ്ടിപ്പട്ടി, ആലന്തൂർ (പഴയ പറങ്കിമല മണ്ഡലം), പല്ലാവരം എന്നിവയിൽ ഒന്നിൽ പരിഗണിക്കണമെന്നാണ് ആവശ്യം.

ഇതിൽ ആണ്ടിപ്പട്ടിയും ആലന്തൂരും എം.ജി.ആറിന്റെ പഴയ മണ്ഡലങ്ങളാണ്. എം.ജി.ആർ. ആദ്യമായി (1967)തമിഴ്‌നാട് നിയമസഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും ഇപ്പോൾ ആലന്തൂർ മണ്ഡലമായി മാറിയ പറങ്കിമലയിൽനിന്നാണ്.

സ്ഥാനാർഥികളെ കണ്ടെത്താൻ വ്യാഴാഴ്ച എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് നടന്ന അഭിമുഖത്തിൽ പങ്കെടുത്ത രാമചന്ദ്രൻ ആത്മവിശ്വാസത്തിലാണ്. സീറ്റ് ലഭിക്കുമെന്ന് കരുതുന്നതായി നടൻകൂടിയായ രാമചന്ദ്രൻ പറഞ്ഞു. എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ സഹോദരന്റെ മകളാണ് സുധ. മക്കളില്ലാത്ത എം.ജി.ആറും ജാനകിയും സുധയെയും സഹോദരങ്ങളെയും വളർത്തുമക്കളായി സ്വീകരിക്കുകയായിരുന്നു.

എം.ജി.ആറിന്റെ പേർ തന്നെയാണ് സുധ മകന് നൽകിയത്. എം.ജി.ആറിന്റെ പിൻഗാമിയെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ആലന്തൂരിൽനിന്ന് മത്സരിക്കാൻ സാധ്യതയുണ്ട്. അതിനാൽ എം.ജി.ആറിന്റെ കുടുംബത്തിൽനിന്നുള്ള രാമചന്ദ്രനെ എ.ഐ.എ.ഡി.എം.കെ. ഇവിടെ മത്സരിപ്പിക്കാൻ സാധ്യതയേറെയാണ്.