ചെന്നൈ : തിരഞ്ഞെടുപ്പാണെങ്കിലും പ്ലസ്ടു പരീക്ഷ മുൻനിശ്ചയപ്രകാരംതന്നെ നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ്. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് വകുപ്പിൽനിന്ന് നിർദേശം നൽകി. മേയ് മൂന്നുമുതൽ 21 വരെയാണ് പ്ലസ്ടു പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ടൈംടേബിൾ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചപ്പോൾ ഏപ്രിൽ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലും നടക്കുമെന്ന് വ്യക്തമായി. അതോടെ വോട്ടെണ്ണലിന് തൊട്ടടുത്തദിവസം പരീക്ഷ നടക്കുമോ എന്ന സംശയം ഉയർന്നുതുടങ്ങിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനും പരീക്ഷയ്ക്കും തമ്മിൽ ബന്ധമില്ലാത്തതിനാൽ പരീക്ഷ നടത്തുന്നത് തടസ്സപ്പെടില്ലെന്നാണ് പരീക്ഷാ ഡയറക്ടറേറ്റ് അധികൃതർ പറയുന്നത്.

വോട്ടെടുപ്പ് ദിവസം വിവിധ ജോലികൾക്ക് അധ്യാപകരെ നിയോഗിക്കാറുണ്ടെങ്കിലും വോട്ടെണ്ണലിൽ അധ്യാപകർക്ക് കാര്യമായ പങ്കില്ല. കോളേജുകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നതിനാൽ സ്കൂളുകളിൽ പരീക്ഷാ കേന്ദ്രമൊരുക്കുന്നതിനും തടസ്സമില്ല. അതിനാൽ മേയ് മൂന്നിനുതന്നെ പ്ലസ്ടു പരീക്ഷ ആരംഭിക്കാനാകുമെന്നും അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ പരീക്ഷയുമായി മുന്നോട്ടുപോകാൻതന്നെയാണ് അധികൃതരുടെ നീക്കം. പരീക്ഷയ്ക്ക് തയ്യാറായിരിക്കാനാണ് സ്കൂളുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ദീർഘനാൾ അടച്ചിട്ടിരുന്ന സ്കൂളുകളിൽ കഴിഞ്ഞമാസമാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോഴും ക്ലാസുകൾ തുടരുന്നുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച് ഒൻപത്, പത്ത്, പ്ലസ് വൺ പരീക്ഷകൾ സർക്കാർ റദ്ദാക്കിയിരുന്നു. എല്ലാവരെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലസ്ടു വിദ്യാർഥികളെയും പരീക്ഷയില്ലാതെ ജയിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വിവിധകോണുകളിൽനിന്ന് എതിർപ്പുമുയർന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർക്കാർ വിദ്യാർഥികളെ ജയിപ്പിച്ചതെന്നും കുട്ടികളുടെ ഭാവിയെ അത് ദോഷകരമായി ബാധിക്കുമെന്നും വിമർശനങ്ങളുമുണ്ടായി. കോവിഡ് ലോക്ഡൗൺ കണക്കിലെടുത്ത് കഴിഞ്ഞ അധ്യയനവർഷവും പത്തുവരെയുള്ള വിദ്യാർഥികളെ സർക്കാർ പരീക്ഷയില്ലാതെതന്നെ ജയിപ്പിച്ചിരുന്നു.