ചെന്നൈ : വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണ് രണ്ടുവയസ്സുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. നാമക്കൽ ജില്ലയിലെ എർണാപുരം കണക്കത്തോട്ടം സ്വദേശി ചിന്നത്തമ്പി (65), അയൽക്കാരി പൂങ്കൊടി സുബ്രഹ്മണ്യൻ (55), പൂങ്കൊടിയുടെ കൊച്ചുമകൾ ദേവിശ്രീ (രണ്ട്) എന്നിവരാണ് മരിച്ചത്. ചിന്നത്തമ്പിയുടെ പഴയവീട് പൊളിച്ചുമാറ്റുന്നത് കണ്ടുനിൽക്കുന്നതിനിടെ മൂവരും ഇടിഞ്ഞുവീണ ചുവരിനടിയിൽപ്പെടുകയായിരുന്നു. ഇപ്പോൾ പുതിയവീട്ടിൽ താമസിക്കുന്ന ചിന്നത്തമ്പി മൺചുവരുകൊണ്ടുള്ള പഴയവീട് പൊളിച്ചുനീക്കുകയായിരുന്നു. അതുകാണാനാണ് പൂങ്കൊടിയും കൊച്ചുമകളുമെത്തിയത്. വ്യാഴാഴ്ച രാവിലെ പഴയവീടിന്റെ ഓടുകൾ മാറ്റി മേൽക്കൂര പൊളിച്ചു. പിന്നീട് ചുവർ ഇടിക്കാൻ ശ്രമിച്ചപ്പോൾ അതൊന്നാകെ തകർന്നുവീഴുകയായിരുന്നു. ഇതിനടിയിൽപ്പെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്തെത്തിയ നല്ലിപ്പാളയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.