ചെന്നൈ : പകൽസമയങ്ങളിലെ തിരക്ക് കുറഞ്ഞ എക്സ്പ്രസ് തീവണ്ടികളിലെ ജനറൽകോച്ചുകളിൽ അൺ റിസർവ്ഡ് ടിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ റെയിൽവേബോർഡിന് ശുപാർശ അയച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എക്സ്പ്രസ് തീവണ്ടികളിലെ ജനറൽകോച്ചുകളിലും റിസർവ്ഡ് ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. പ്രതിദിന യാത്രക്കാർക്ക് ഇത് ഒട്ടേറെ പ്രതിസന്ധികളുണ്ടാക്കുന്നതിനാലാണ് അൺ റിസർവ്ഡ് ടിക്കറ്റുകൾ നൽകണമെന്ന് റെയിൽവേ ബോർഡിന് ശുപാർശ നൽകിയതെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

ഓൺലൈൻവഴി ഒരു ഐ.ഡി.യിൽനിന്ന് 12 ടിക്കറ്റുകൾ മാത്രമേ ഒരുമാസത്തിൽ ബുക്ക് ചെയ്യാൻ കഴിയൂ. ശേഷിക്കുന്ന യാത്രകൾക്ക് റിസർവേഷൻ കൗണ്ടറുകളെ ആശ്രയിക്കണം. ഇതുകാരണം പ്രതിദിന യാത്രക്കാർക്ക് ദിവസവും ഏറെസമയം വരിനിൽക്കേണ്ടിവരുന്നു. ഇത് ഒഴിവാക്കാൻ ഒരു ഐ.ഡി.യിൽനിന്ന് ഒരുമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55 ആയി ഉയർത്തണമെന്ന് ദക്ഷിണ റെയിൽവേ കഴിഞ്ഞമാസം ശുപാർശ നൽകിയിരുന്നു.

ഈ ശുപാർശ റെയിൽവേ ബോർഡ് തള്ളിയതിനാലാണ് ജനറൽകോച്ചുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകണമെന്ന ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിലോടുന്ന തീവണ്ടികളിലുൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 15 എക്സ്പ്രസ് തീവണ്ടികളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ശുപാർശ നൽകിയിരിക്കുന്നത്.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാണ, പഞ്ചാബ്, കർണാടകം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഹ്രസ്വദൂര അൺറിസർവ്ഡ് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. ആ സംസ്ഥാനങ്ങളിലെ എം.പി.മാരുടെയും സർക്കാരുകളുടെയും ഇടപെടലുകളിലൂടെയാണ് ജനറൽ കോച്ചുകൾ മാത്രമുള്ള തീവണ്ടികൾ ഓടിക്കാൻ കഴിഞ്ഞതെന്ന് ദക്ഷിണ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഒരുമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണം, ജനറൽകോച്ചുകളിലേക്ക് അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാത്രക്കാർ പരാതികൾ റെയിൽവേക്ക്‌ അയക്കുന്നുണ്ട്. എന്നാൽ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും സർക്കാരുകൾ ഇതുവരെ ഈ ആവശ്യങ്ങൾ റെയിൽവേബോർഡിന് മുമ്പാകെ ഉന്നയിച്ചിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.