ചെന്നൈ : തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി വേർപ്പെടുത്താത്ത നിലയിലുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് തീവ്രപരിചരണ വിഭാഗം ശൗചാലയത്തിലെ ഫ്ളഷ് ടാങ്കിൽ കണ്ടത്. ആശുപത്രിയിൽ പ്രസവ വാർഡ് ഇല്ലാത്തതിനാൽ മൃതദേഹം ഇവിടെ വന്നതെങ്ങനെയെന്ന് സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച രാവിലെ ശൗചാലയം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ടൗൺ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മൃതദേഹത്തിന് മണിക്കൂറുകൾ മാത്രമാണ് പഴക്കമുണ്ടായിരുന്നത്. മറ്റെവിടെയെങ്കിലും പ്രസവിച്ച കുഞ്ഞിനെ ചാപിള്ളയായതിനാൽ ആശുപത്രിയുടെ ശൗചാലയത്തിൽ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൺകുഞ്ഞായതിനാൽ കൊലപ്പെടുത്തിയതാകുമോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രിമുതൽ തീവ്രപരിചരണ വിഭാഗത്തിൽ വന്നുപോയവരെ കണ്ടെത്താൻ ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.