കരുത്തുറ്റ നേതൃത്വംനഷ്ടപ്പെട്ടാൽ ഒരു പാർട്ടിയ്ക്കുണ്ടാവുന്ന അപചയം എത്രത്തോളമായിരിക്കും എന്നതിനു തെളിവാണ് എ.ഐ.എ.ഡി.എം.കെ.യുടെ നിലവിലെ അവസ്ഥ. പാർട്ടി നയിക്കാൻ ഇപ്പോൾ ഇരട്ട നേതൃത്വമുണ്ട്. പക്ഷെ പ്രയോജനമില്ലാത്ത അവസ്ഥ. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ജയലളിത വിടവാങ്ങി ഞായറാഴ്ച അഞ്ചുവർഷം. ഈ അഞ്ചുവർഷംകൊണ്ട് പാർട്ടിയുടെ മുഖഛായതന്നെ മാറി. ഇന്നിപ്പോൾ എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന് ജയലളിത ഒരു ഓർമ മാത്രമായി. പരസ്പരം അടികൂടാനുളള ഹേതുവും. ജയലളിതയുടെ പാത പിന്തുടരാൻ ആർക്കും താത്പര്യമില്ല. എ.ഐ.എ.ഡി.എം.കെ. സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആർ. മരിച്ചപ്പോൾ പാർട്ടി താങ്ങിനിർത്താനുള്ള ശേഷി ജയലളിത ആർജിച്ചിരുന്നു. എന്നാൽ ജയയുടെ മരണശേഷം പാർട്ടിയെ താങ്ങാൻ ശക്തനായ ഒരാളില്ല. തനിക്കു മുന്നിൽ ഓഛാനിച്ചുനിൽക്കുന്നവരെ മാത്രം ജയലളിത വളർത്തിയതിന്റെ ദൂഷ്യഫലമാണിത്. പാർട്ടി എന്നാൽ താൻ മാത്രമാണെന്ന അവരുടെ ധാർഷ്ട്യത്തെ ചോദ്യം ചെയ്യുന്ന ഒരു നേതാവുപോലും വളർന്നില്ല. അങ്ങനെയുള്ളവരെ പുറംകാലുകൊണ്ട് തട്ടിയെറിയാൻ ജയലളിതയ്ക്കു നിമിഷനേരം മതിയായിരുന്നു. പനീർശെൽവവും പളനിസ്വാമിയും മുഖ്യമന്ത്രിമാരായിട്ടുണ്ടെങ്കിലും ജയയുടെ ആജ്ഞാനുവർത്തികൾ മാത്രമായി വളർന്നവരായിരുന്നു. ജയലളിത ജിവിച്ചിരിക്കെ തന്റേടവും ധൈര്യവുമുള്ള ഒരു നേതാവ് പാർട്ടിയിൽ ഉദയംചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു. ആർക്കും ഉഴുതുമറിക്കാവുന്ന കൃഷിഭൂമി പോലെയായി മാറി എ.ഐ.എ.ഡി.എം.കെ. പനീർശെൽവവും പളനിസ്വാമിയും നേതൃനിരയിലുണ്ടെങ്കിലും ചെളിക്കുണ്ടിൽ കുത്തിയ കുന്തംപോലെ ബലമില്ലാത്തവരാണ് ഇരുവരും.

ജയയുടെ മരണശേഷം പാർട്ടിയിൽ അധികാര വടംവലി രൂക്ഷമായതും പിളർപ്പുണ്ടായതും ജനങ്ങൾ അകലാൻ തുടങ്ങിയതുമൊക്കെ ഭരണം നഷ്ടപ്പെടാൻ വരെ കാരണമായി. അവസരം മുതലെടുത്ത് കരുനീക്കംനടത്തിയ ഡി.എം.കെ. ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ജയലളിത പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഒന്നും പഠിപ്പിച്ചിട്ടില്ല. അവരായിട്ട് ജയലളിതയിൽനിന്ന് ഒന്നും പഠിച്ചെടുക്കാനും ശ്രമിച്ചിട്ടില്ല. മരിച്ചിട്ട് അഞ്ചു വർഷമായെങ്കിലും വരച്ചുപൂർത്തിയാകാത്ത ചിത്രം പോലെയായിരുന്നു എന്നും ജയലളിത.

സിനിമാനടിയിൽനിന്നാരംഭിച്ച ജൈത്രയാത്ര. എം.ജി.ആറിനൊപ്പം അഭിനയിച്ചതായിരുന്നു വഴിത്തിരിവ്. 1980-ൽ എ.ഐ.എ.ഡി.എം.കെ. അംഗമായി. മുതിർന്ന നേതാക്കളെ അമ്പരപ്പിച്ചുകൊണ്ട് വൈകാതെ പ്രചാരണവിഭാഗം ചുമതല കൈകളിലാക്കി. 1983-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുച്ചെന്തൂരിൽ മത്സരിച്ച് എം.എൽ.എ.യായി. വളർച്ചയുടെ പടവുകൾ കയറുമ്പോൾ മറുഭാഗത്ത് അസൂയാലുക്കൾ കൂടി. 1987-ൽ എം.ജി.ആർ. മരിച്ചപ്പോൾ ശവവണ്ടിയിൽ നിന്ന് തള്ളിത്തെറിപ്പിച്ചിടത്തുനിന്നാണ് താൻ ഉയിർത്തെഴുന്നേറ്റതെന്ന് പിൽക്കാലത്ത് ജയലളിത പറഞ്ഞിരുന്നു. ജയ രാഷ്ട്രീയത്തിൽ മുഖ്യധാരയിലെത്തിയതോടെ കരുണാനാധിയുമായി പലപ്പോഴും ഇടഞ്ഞു. 1991 തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ച് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായതോടെ അഴിമതി ആരോപണങ്ങൾ അവരെ മൂടി. ഡി.എം.കെ. സർക്കാർ ഭരണത്തിലിരിക്കെ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ജയലളിത പകതീർത്തു. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അർധരാത്രി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. തന്റേടിയും ധൈര്യശാലിയുമായിരുന്നു ജയലളിത. മുഖ്യമന്ത്രി എന്നനിലയിൽ അവരുടെ പ്രവർത്തനങ്ങളെല്ലാം ഇരുന്നിടത്തുനിന്നായിരുന്നു. ഇതരസംസ്ഥാനങ്ങളിലോ ഇന്ത്യയ്ക്കു പുറത്തോ സഞ്ചരിച്ചത് അപൂർവം. ജനങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നും അകന്നുനിന്നു. ജയലളിത മരിച്ച ശേഷം പനീർശെൽവമായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട ശശികല അനധികൃത സ്വത്തുകേസിൽ ജയിലിലായി. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അവരോധിച്ച് അവർ ജയിൽവാസം തുടങ്ങി. തുടർന്ന് പാർട്ടി രണ്ടു ഗ്രൂപ്പായി. എടപ്പാടി പളനിസ്വാമി പക്ഷവും വിമതനായ ഒ. പനീർശെൽവം പക്ഷവും ഒടുവിൽ ലയിച്ചു. നാടകങ്ങൾ പലതു കഴിഞ്ഞിട്ടും ഒന്നിനും ഒരു പരിഹാരവും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല. ശശികല ഇപ്പോഴും എ.ഐ.എ.ഡി.എം.കെ.യുടെ പേടിസ്വപ്നമാണ്. പാർട്ടി തിരിച്ചുപിടിക്കുമെന്ന് ഭീഷണി ഉയർത്തുന്ന ശശികലയെ ഒറ്റയ്ക്കു പ്രതിരോധിക്കാൻ ശേഷിയുള്ള നേതാക്കളാരുമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഇരട്ട നേതൃത്വം തുടരുന്നത്. പനീർശെൽവവും പളനിസ്വാമിയും ജയയെ വണങ്ങിനിന്നു ശീലിച്ചവരായതിനാൽ നിവർന്നുനിൽക്കാൻ ഏറെ പാടുപെടുന്നുണ്ട്. അതുകൊണ്ടുതന്നെ ശശികല പാർട്ടിയിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയും വിദൂരമല്ല. ജയലളിതയെച്ചൊല്ലിയുള്ള എല്ലാ കാര്യങ്ങളിലും നിലവിലെ എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന് തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കുന്നതിൽപ്പോലും പരാജയമാണുണ്ടായത്. കഴിഞ്ഞദിവസമാണ് ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും വേദനിലയം കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റും വിവാദത്തിലാണ്. ഇവിടെ നടന്ന കൊലപാതകവും കവർച്ചയും വലിയ കോളിളക്കമുണ്ടാക്കി. അന്വേഷണം പളനിസ്വാമിയിലേക്കു നീണ്ടുനിൽക്കുന്നു. ജയലളിതയുടെ മരണത്തിലെ ദുരൂഹതകളും നീങ്ങിയിട്ടില്ല. ഇതിൽ ശശികലവരെ കുറ്റാരോപിതയാണ്. ആയിരം കോടിയിലധികം മതിപ്പു വിലയുള്ള സ്വത്തുക്കൾ ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. എം.ജി.ആർ. സ്ഥാപിച്ച് ജയലളിതയിലൂടെ വളർച്ച പ്രാപിച്ച എ.ഐ.എ.ഡി.എം.കെ.യ്ക്ക് വേണമെങ്കിൽ നഷ്ടപ്രതാപം തിരിച്ചെടുക്കാം. പക്ഷേ, ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നുമാത്രം. മറുഭാഗത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മികച്ച ഭരണത്തെ ജനങ്ങൾ പ്രശംസിക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽനിന്നുകൊണ്ട് പരസ്പരം വാളേന്തി പതിനെട്ടടവും പയറ്റുന്ന എ.ഐ.എ.ഡി.എം.കെ. നേതൃത്വം ഞായറാഴ്ച ജയലളിത സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കൂട്ടത്തിൽ കുമ്പസരിക്കുന്നതുകൂടി നന്നാവും.