നിർദേശം ഹൈക്കോടതിയുടേത്
ചെന്നൈ : മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകൾ നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താനും പ്രത്യേകവിഭാഗം രൂപവത്കരിക്കണമെന്ന് ഹൈക്കോടതി മധുരബെഞ്ച് അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് മറുപടി നൽകാൻ ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡി.ജി.പി. എന്നിവരോട് നിർദേശിച്ചു.
തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് എത്തിയ തമിഴ്‌നാട് പോലീസിലെ സായുധ സേനാംഗം നരിക്കുറവർ വിഭാഗത്തിൽപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും കേസെടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും തുടർനടപടിയുണ്ടായില്ല.
കുറ്റകാരനായ പോലീസുകാരനെ നടപടിയിൽനിന്ന് ഒഴിവാക്കുന്നത് സ്ത്രീകൾക്കെതിരേയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് അനുകൂലസാഹചര്യം ഒരുക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഇത്തരം സംഭവത്തിൽ ഇരകളായവർ നേരിട്ട് പരാതി നൽകണമെന്നില്ല.
എന്നാൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം. ഇതിനായി പ്രത്യേക സംവിധാനമുണ്ടാകണം. അങ്ങനെ ചെയ്താൽ സർക്കാർ സംവിധാനങ്ങളോടുള്ള ജനങ്ങൾക്കുള്ള വിശ്വാസം വർധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രത്യേകംവിഭാഗം രൂപവത്കരിച്ചാൽ ഇത്തരംസംഭവങ്ങൾ നടക്കുന്നുണ്ടോയെന്ന് മാധ്യമ റിപ്പോർട്ടുകളും സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളും പരിശോധിച്ച് കണ്ടെത്താൻ സാധിക്കും. അതിന് അനുസരിച്ച് സംഭവങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നടപടിയെടുക്കാനും സാധിക്കുമെന്നും കോടതി വിശദീകരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമം ദിനംപ്രതി വർധിച്ചുവരുന്നതിനാൽ ഇത്തരം സംവിധാനം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
ഈ സംഭവം അധികൃതരുടെ കണ്ണുതുറപ്പിക്കണമെന്നു പറഞ്ഞ കോടതി കേസ് 11-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.