ചെന്നൈ : കോവിഡ് മഹാമാരിയിൽനിന്ന് നഗരം പതുക്കെ കരകയറുമ്പോൾ ചെന്നൈയിൽ മലയാളികളുടെ ചായക്കടകൾ വീണ്ടും പ്രതീക്ഷയുടെ നിറവിൽ. നഗരത്തിലെ 80 ശതമാനം ചായക്കടകളും മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഒന്നര വർഷത്തോളമായി അനുഭവിക്കുന്ന യാതനകളിൽനിന്ന് പതുക്കെ കരകയറുന്നതായി നഗരത്തിലെ ചായക്കട ഉടമകൾ പറയുന്നു.

ലോക്ഡൗണിൽ ഒട്ടേറെ പേർ കടകൾപൂട്ടി നാട്ടിലേക്കു മടങ്ങിയിരുന്നു. അതിൽ പലരും തിരികെയെത്തി. കച്ചവടം പൂർണമായും അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയവരും കുറവല്ല. നേരത്തെ പലതവണ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ചായക്കടകൾക്ക് നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയിരുന്നുവെങ്കിലും അതൊന്നും പിടിച്ചു നിൽക്കാൻ ഉതകുന്നതായിരുന്നില്ല. പണം കടം വാങ്ങിയവർക്ക് പലിശപോലും നൽകാനാവാത്ത അവസ്ഥയുണ്ടായി. പണംനൽകിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വിഷമതകൾ മനസ്സിലാക്കി മാന്യമായി പെരുമാറിയതും ഒപ്പംനിന്നതും പ്രതിസന്ധി ഘട്ടത്തിൽ വലിയ ആശ്വാസം പകർന്നുവെന്ന് ഇവർ പറയുന്നു.

അതേസമയം, ഒ.എം.ആർ. ഉൾപ്പെടെ പലയിടങ്ങളിലും ഇപ്പോഴും ഒട്ടേറെ ചായക്കടകൾ തുറന്നിട്ടില്ല. ഐ.ടി. സ്ഥാപനങ്ങൾ ഏറെയുള്ള മേഖലയാണിത്. ഐ.ടി. ജിവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അവർ എത്താതായതോടെ ഒ.എം.ആറിലെ കടകൾ അടച്ചിടേണ്ടിവന്നു. ചായക്കട ഉടമകൾക്കു പുറമെ നൂറുകണക്കിന് മലയാളി തൊഴിലാളികളും ഈ വ്യാപാരത്തെ ചുറ്റിപ്പറ്റി ജിവിക്കുന്നുണ്ട്. അവരുടെ ജിവിതംകൂടി ലോക്ഡൗൺ ഇരുട്ടിലാക്കിയിരുന്നു.

പാചകവാതക സിലിൻഡറിന് വിലവർധിപ്പിച്ചത് ഇപ്പോൾ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കൂടുതൽ തൊഴിലാളികളെ ജോലിക്ക്‌ വെക്കാനാവുന്നില്ല. മുതലാളിമാർതന്നെ തൊഴിലാളിയായി മാറുന്ന അവസ്ഥയാണ്. പല കെട്ടിടഉടമകളും വാടകയിൽ ഇളവുകൾ നൽകിയിരുന്നു. എന്നാൽ പല ഉടമകളും തങ്ങളുടെ പ്രയാസങ്ങൾ പരിഗണിക്കാതെ മുഴുവൻ വാടകയും വാങ്ങിയിരുന്നുവെന്നും ചായക്കട ഉടമകൾ പറയുന്നു.

സർക്കാരിന് പ്രത്യേക നന്ദി

ടി. അനന്തൻ

പ്രസിഡന്റ്, ചായക്കട ഉടമസ്ഥസംഘം)

കോവിഡ് വ്യാപനം കുറഞ്ഞ ഉടൻതന്നെ ചായക്കടകൾ തുറക്കാൻ അനുമതിനൽകിയ സർക്കാരിന് പ്രത്യേക നന്ദി പറയുന്നു. ലോക്ഡൗണിൽ ഒന്നര വർഷത്തോളമായി ചായക്കടവ്യാപാരം വലിയ പ്രതിസന്ധിയിലായിരുന്നു. പലരും കച്ചവടം നിർത്തി. വാടക നൽകാനാവാതെ പ്രയാസപ്പെട്ട ഒട്ടേെറ പേരുണ്ട്. പലിശയ്ക്കെടുത്ത പണം തിരികെ നൽകാതെ വിഷമിച്ചവരും ധാരാളം.

ചായക്കടകൾ തുറന്നുവെങ്കിലും പഴയ സ്ഥിതിയിലെത്താൻ ഇനിയും സമയമെടുക്കും. ഒ.എം.ആറിൽ മലയാളികൾ നടത്തിയിരുന്ന പല കടകളും ഇപ്പോഴും തുറന്നിട്ടില്ല. പേപ്പർ കപ്പിൽ ചായ നൽകരുതെന്ന ചെന്നൈ കോർപ്പറേഷന്റെ നിയമം ഇപ്പോൾ ഒട്ടേറെപ്പേരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിന്റെപേരിൽ ചായക്കടകൾക്കെതിേര കേസെടുക്കുകയും വലിയതുക വിധിക്കുകയും ചെയ്യുന്നു. പേപ്പർകപ്പിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. പാചകവാതക വില വർധനയാണ് മറ്റൊരു പ്രശ്നം. ഇക്കാര്യവും സംഘടന ഉയർത്തിക്കാട്ടും. ചായക്കടക്കാരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സംഘടന എന്നും ഒപ്പമുണ്ടാകും.

തകർന്നുപോയത് പെട്ടെന്ന്

എം. അശോകൻ

(ചായക്കട ഉടമസ്ഥൻ, അമിഞ്ചിക്കര)

ഈ കൊറോണക്കാലത്ത് പിടിച്ചുനിൽക്കാൻ ഒരുപാട് കഷ്ടപ്പെടുകയാണ് ചെറിയ കച്ചവടക്കാർ. ഐ.ടി. മേഖലയിലുള്ള ജോലിക്കാരൊക്കെ വീടുകളിലേക്ക് ചേക്കേറിയപ്പോൾ തകർന്നടിഞ്ഞത് എന്നെ പോലെയുള്ള കച്ചവടക്കാരുടെ സ്വപ്നങ്ങളാണ്. വർഷങ്ങളായി ഒ.എം.ആറിൽ നടത്തിയിരുന്ന കട അടച്ചുപൂട്ടേണ്ടിവന്നു. ഭീമമായ വാടക കുടിശ്ശിക നൽകേണ്ടിയും വന്നു. പെട്ടെന്നായിരുന്നു വല്ലാത്ത തകർച്ചയിലേക്ക് പോയത്.

എല്ലാം പൂജ്യത്തിൽനിന്ന് വീണ്ടും തുടങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ. പല പ്രശ്നങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടാണ് ഇപ്പോഴുള്ള ഈ സാഹചര്യത്തെ മറികടക്കാൻ പ്രയത്നിക്കുന്നത്. പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്ന് നിസ്വാർഥരായ ചില മനുഷ്യരാണ് പിടിച്ചുനിൽക്കാനുള്ള ധൈര്യം തരുന്നത്. അതിനിടയിൽ ദ്രോഹിക്കുന്നവർ ദ്രോഹിച്ചു കൊണ്ടേയിരിക്കും. മനുഷ്യത്വം ഇല്ലായ്മയുടെ പല മുഖങ്ങളും കാണിച്ചുതന്നതും ഈ കൊറോണക്കാലമാണ് എന്നു പറയാതെ വയ്യ. കോവിഡ് വീണ്ടും ആക്രമിച്ചില്ലെങ്കിൽ ഇനിയിപ്പോൾ ചായക്കടകൾക്ക് പതുക്കെ നടുനിവർത്താനാവും. അതിനുവേണ്ട സഹായസഹകരണങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

പച്ചപിടിച്ചു തുടങ്ങി

വി.കെ. പ്രദീപ്

(വി.കെ. സ്നാക്ക്‌സ്, വെസ്റ്റ് മാംബലം)

എന്റെ രണ്ടു ചായക്കടകളും പതുക്കെ പച്ചപിടിച്ചുതുടങ്ങി. പഴയ നിലയിലെത്താൻ കുറച്ചു കൂടി സമയമെടുക്കും. പക്ഷെ 80 ശതമാനം കച്ചവടം തിരിച്ചുപിടിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികളൊന്നുമില്ല. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി തുടരാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും കടയിലെത്തുന്നവർ പലപ്പോഴും പാലിക്കാറില്ല.

പലിശയ്ക്ക്‌ പണംനൽകിയവർ ലോക്ഡൗൺ കാലത്ത് പ്രയാസങ്ങൾ മനസ്സിലാക്കി ഒപ്പം നിന്നു. നേരത്തെ കടയിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കാരണം തൊഴിലാളികളെ കുറയ്ക്കേണ്ടിവന്നു. ഉടമകൾതന്നെ കൂടുതൽ പണിയെടുത്താൽ ഈ ഘട്ടത്തിൽ ഗുണകരമാവും.

ചായക്കടകളിലേക്ക് തൊഴിലാളികളുടെ ക്ഷാമമില്ല. ഉത്തരേന്ത്യൻ തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും ലഭിക്കും.

പല വലിയ ബ്രാൻഡുകളും കടകൾ തുറക്കുന്നതിനാൽ നല്ല ചായ നൽകി ഉപഭോക്താക്കളെ ഒപ്പംനിർത്തുക എന്നതിനാണ് ചായക്കടക്കാർ പ്രാധാന്യം നൽകേണ്ടത്.

പ്രതിസന്ധിയിലായ ചായക്കടക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ വായ്പ നൽകിയാൽ ഉപകാരപ്രദമാവുമായിരുന്നു.

എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ

ശശിധരൻ

(ജവാൻ ടീ സ്റ്റാൾ, മിന്റ്)

ലോക്ഡൗണിനുശേഷം ചായക്കട തുറന്നപ്പോൾ കച്ചവടം കുറവായിരുന്നു. എന്നാൽ ഇപ്പോൾ 60 ശതമാനത്തോളം കച്ചവടം തിരിച്ചുപിടിക്കാനായി. ഇത്രയും കാലമുണ്ടായ സാമ്പത്തികനഷ്ടങ്ങൾ നികത്താനുള്ള സമയമാണിപ്പോൾ.

കട വാടകയും ജോലിക്കാരുടെ ശമ്പളവുമൊക്കെ കൊടുത്താൽ വലിയ ലാഭമൊന്നും ഉണ്ടാകാത്ത അവസ്ഥയാണ്. കട പൂട്ടിയിട്ടിരുന്നപ്പോഴുള്ള വാടകകുടിശ്ശിക കൊടുത്തു തീർക്കണം. പതുക്കെ എല്ലാം ശരിയായി വരുമെന്നു തന്നെയാണ് പ്രതീക്ഷ.

ഇപ്പോൾ ജനങ്ങളുടെ കൈയിൽ പണമില്ലാത്ത അവസ്ഥയുണ്ട്. നാലു ചായകുടിക്കുന്നവർ ഒരു ചായയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ മുഴുവൻ തുറന്നാൽ ചായക്കടകളിലും വ്യാപരം വർധിക്കും. ഇനിയൊരു ലോക്ഡൗൺ വന്നാൽ ചായക്കടക്കാർക്ക് പിടിച്ചുനിൽക്കാനാവുമെന്നു തോന്നുന്നില്ല. കാരണം അത്രയ്ക്ക് അവർ സഹിച്ചിട്ടുണ്ട്.

എന്തായാലും ഇനി കാര്യമായ രീതിയിൽ കോവിഡ് വ്യാപനം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. ആ പ്രതീക്ഷയിലാണ് ഞങ്ങളിപ്പോൾ ജീവിക്കുന്നതും.