ചെന്നൈ : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ശേഷം കഴിഞ്ഞ ഒരുമാസത്തിനിടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കിയത് 1,350 യാത്രക്കാരെ മാത്രം. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നുവെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഇല്ലാത്തവരിൽനിന്നാണ് സാംപിൾ പരിശോധനയ്ക്കെടുക്കുന്നത്. ഒരോ ദിവസവും 45-നും 50-നും ഇടയിൽ പേരുടെ സാംപിളുകളാണ് കേരളത്തിൽ നിന്നെത്തുന്ന തീവണ്ടി യാത്രക്കാരിൽനിന്ന് ശേഖരിച്ചതെന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്കിരിക്കുന്ന കോർപ്പറേഷൻ ജീവനക്കാരനായ വെങ്കിട്ട് പറഞ്ഞു.

കേരളത്തിൽനിന്ന് റെയിൽ-റോഡ് മാർഗം തമിഴ്‌നാട്ടിലേക്ക് വരുന്നവർക്ക് ഓഗസ്റ്റ് അഞ്ച് മുതലാണ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തുടർന്ന് എല്ലാ ദിവസവും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നുണ്ട്. കോർപ്പറേഷന്റെ മൂന്ന് ജീവനക്കാരാണ് പരിശോധനയ്ക്കുള്ളത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂർമാർക്കറ്റ് കോംപ്ലക്സിലേക്ക് പോകുന്ന ഭാഗത്താണ് സാംപിളുകൾ ശേഖരിക്കാൻ കൗണ്ടർ സ്ഥാപിച്ചത്.

എന്നാൽ, സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടമായ മുൻഭാഗത്തുകൂടെ ഇറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാൻ സംവിധാനമില്ല. ആ ഭാഗത്തെ പരിശോധനയ്ക്ക് കൗണ്ടർ സ്ഥാപിക്കാൻ കോർപ്പറേഷന് റെയിൽവേ അനുമതി നൽകിയിട്ടില്ല. നല്ലൊരു ശതമാനം യാത്രക്കാർ ഇതുവഴിയാണ് പുറത്തേക്ക് പോകുന്നത്. കൂടാതെ ചെന്നൈ സെൻട്രൽ എത്തുന്നതിന് മുമ്പുള്ള പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഒട്ടേറെ പേർ ഇറങ്ങുന്നുണ്ട്. അവരെ പരിശോധിക്കാനും കോർപ്പറേഷൻ സംവിധാനമേർപ്പെടുത്തിയിട്ടില്ല.

കേരളത്തിൽനിന്ന് സെൻട്രൽ സ്റ്റേഷനിലേക്ക് ആറ് തീവണ്ടികളാണ് വരുന്നത്. ഇതിൽ രാവിലെ അഞ്ചിനും രാവിലെ പത്തിനും ഇടയിലുള്ള അഞ്ച് തീവണ്ടികളിലെ യാത്രക്കാരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. വൈകീട്ട് 3.15-ന് എത്തുന്ന വെസ്റ്റ് കോസ്റ്റിലെ യാത്രക്കാരെ പരിശോധിക്കാറില്ല.

റെയിൽവേയുടെ സഹകരണമില്ല

യാത്രാരേഖകൾ പരിശോധിക്കാൻ കോർപ്പറേഷൻ ജീവനക്കാരെ സഹായിക്കാൻ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിറ്റുകൾ പരിശോധിക്കേണ്ടത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കോർപ്പറേഷന്റെയും ചുമതലയാണെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു. കോർപ്പറേഷൻ ജീവനക്കാരെ ധിക്കരിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്രക്കാർ പുറത്തേക്ക് പോകുന്നുണ്ടെന്ന് പരിശോധനയ്ക്കിരിക്കുന്നവർ പറഞ്ഞു. റെയിൽവേയുടെ സഹായമില്ലാത്തതിനാൽ സഹകരിക്കുന്ന യാത്രക്കാരുടെ സാംപിളുകൾ മാത്രമേ പരിശോധിക്കുന്നുള്ളൂ.

കേരളത്തിൽനിന്ന് വരുന്നവർ ശ്രദ്ധിക്കേണ്ടത്

ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് വേണം

കോവിഡ് വാക്സിൻ ഒരു ഡോസ് മാത്രമാണെങ്കിൽ നിർബന്ധമായും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.

ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടില്ലെങ്കിൽ സാംപിൾ പരിശോധനയ്ക്ക് വിധേയമാകണം. ചെന്നൈയിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും മൊബൈൽ നമ്പറും നൽകണം. സാംപിൾ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായാൽ ആരോഗ്യ പ്രവർത്തകർ വിവരം അറിയിക്കും. ചികിത്സയ്ക്കായുള്ള മാർഗനിർദേശങ്ങളും തരും.