ചെന്നൈ : സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയത് മുൻമന്ത്രിയും ഡി.എം.കെ. മുതിർന്ന നേതാവുമായ ഐ. പെരിയസാമി. ആത്തൂരിൽ 1,35,571 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പെരിയസാമി പി.എം.കെ.യുടെ എം. തിലഗാമ്പമയെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തിൽ രണ്ടാംസ്ഥാനം ഡി.എം.കെ.യുടെ തിരുവണ്ണാമല സ്ഥാനാർഥി ഇ.വി. വേലുവിനാണ്. 94,673 വോട്ടിന്റെ ഭൂരിപക്ഷമാണ് മുൻമന്ത്രി കൂടിയായ വേലുനേടിയത്.

വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചവരിൽ എടപ്പാടി പളനിസ്വാമിയും എം.കെ. സ്റ്റാലിനുമുണ്ട്. എടപ്പാടി മണ്ഡലത്തിൽനിന്നും പളനിസ്വാമി 93,802 വോട്ടിന്റെ ഭൂരിപക്ഷമാണ് പളനിസ്വാമി നേടിയത്. ഡി.എം.കെ.യുടെ മുതിർന്നനേതാവ് കെ.എൻ. നെഹ്രു തിരുച്ചിറപ്പള്ളി വെസ്റ്റിൽ 85,109 വോട്ട് വ്യത്യാസത്തിൽ വിജയിച്ചു. സ്റ്റാലിൻ കൊളത്തൂരിൽ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മകൻ ഉദയനിധി ചെപ്പോക്കിൽ 69,355 വോട്ടിന്റെ വ്യത്യാസത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഡി.എം.കെ.യുടെ തിരുച്ചൂളി സ്ഥാനാർഥി തങ്കംതെന്നരശ് (60,992), തിരുക്കോയിലൂരിൽ സ്ഥാനാർഥിയായിരുന്ന കെ. പൊൻമുടി (59,680), കിള്ളിയൂരിൽ മത്സരിച്ച കോൺഗ്രസിന്റെ രാജേഷ്‌കുമാർ (55,400) എന്നിവരും വലിയ വിജയം നേടി.

ഡി.എം.കെ. ജനറൽസെക്രട്ടറി ദുരൈമുരുകൻ ഉൾപ്പെടെ ഏഴുപേർ വിജയിച്ചത് 1000-ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മോടക്കുറിച്ചിയിൽ ഡി.എം.കെ.യുടെ സുബ്ബലക്ഷ്മി ജഗദ്ദീശനെ അട്ടിമറിച്ച ബി.ജെ.പി.യുടെ സരസ്വതിയാണ് ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ (281) വിജയിച്ചത്. തെങ്കാശിയിലെ കോൺഗ്രസ് സ്ഥാനാർഥി പളനിനാടാറിന്റെ ഭൂരിപക്ഷം 370 വോട്ടാണ്. മേട്ടൂരിൽ പി.എം.കെ.യുടെ സദാശിവം 656 വോട്ടിനാണ് വിജയിച്ചത്. കാട്പാടിയിൽ ദുരൈമുരുകൻ 742 വോട്ടിന്റെ വ്യത്യാസത്തിലാണ് ജയിച്ചത്. കൃഷ്ണഗിരിയിൽ എ.ഐ.എ.ഡി.എം.കെ.യുടെ അശോക് കുമാർ (794), വിരുദാചലത്ത് കോൺഗ്രസിന്റെ രാധാകൃഷ്ണൻ (862), നെയ്‌വേലിയിൽ ഡി.എം.കെ.യുടെ സാബാ രാജേന്ദ്രൻ (977) എന്നിവരാണ് 1000-ൽ താഴെ വോട്ടുനേടി വിജയിച്ച മറ്റുള്ളവർ.