ചെന്നൈ : അരനൂറ്റാണ്ടിനുള്ളിൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെങ്കിലും വിജയികളുടെ എണ്ണത്തിൽ ഏറെ പിന്നിലാണ്. 411 വനിതാ സ്ഥാനാർഥികൾ മത്സരിച്ച സ്ഥാനത്ത് 12 പേർ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ 30 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വനിതാ എം.എൽ.എ.മാരുണുള്ളത്. മുഖ്യമന്ത്രിയായിരുന്ന ജയലളിത അടക്കം 21 വനിതകൾ വിജയിച്ച സ്ഥാനത്താണ് ഇത്തവണ പകുതിയായി കുറഞ്ഞത്. ഇതിനുമുമ്പ് 1989-ലാണ് ഇതിലും കുറവ് (10) വനിതാ സ്ഥാനാർഥികൾ വിജയിച്ചത്.

234 മണ്ഡലങ്ങളിലായി ഇത്തവണ 411 വനിതാസ്ഥാനാർഥികൾ ജനവിധി തേടിയപ്പോൾ കഴിഞ്ഞ വർഷത്തെ 323 എന്ന റെക്കോഡ് തിരുത്തപ്പെടുകയായിരുന്നു. ഇതിന് പ്രധാന കാരണം 234 മണ്ഡലങ്ങളിലും മത്സരിച്ച നാം തമിഴർ കക്ഷി പകുതി സീറ്റുകളിലും വനിതാസ്ഥാനാർഥികളെ മത്സരിപ്പിച്ചതായിരുന്നു. ഒരു സീറ്റിൽപ്പോലും നാം തമിഴർ കക്ഷി വിജയിച്ചില്ല. വിജയസാധ്യതയുള്ള കക്ഷികളിൽ എ.ഐ.എ.ഡി.എം.കെ.യാണ് ഏറ്റവും കൂടുതൽ വനിതാസ്ഥാനാർഥികളെ മത്സരിപ്പിച്ചത്.

മന്ത്രിമാരായിരുന്ന വി.എം. രാജലക്ഷ്മി (ശങ്കരൻകോവിൽ), വി. സരോജ (രാസിപുരം) എന്നിവരടക്കം എ.ഐ.എ.ഡി.എം.കെ.യ്ക്ക് 16 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. ഇതിൽ മന്ത്രിമാർ രണ്ടുപേരടക്കം 13 പേരും പരാജയപ്പെട്ടു. മുൻമന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളുമായ ഗോകുല ഇന്ദിര, ബി. വളർമതി എന്നിവരും പരാജയപ്പെട്ടു. കഴിഞ്ഞതവണ എ.ഐ.എ.ഡി.എം.കെ.യുടെ 21 വനിതാ സ്ഥാനാർഥികളിൽ 16 പേർ വിജയിച്ചിരുന്നു.

ഇത്തവണ ഏറ്റവും കൂടുതൽ വനിതാ എം.എൽ.എ.മാരുള്ളത് ഡി.എം.കെ.യ്ക്കാണ്. ഇവരുടെ 11 വനിതാസ്ഥാനാർഥികളിൽ ആറുപേർ വിജയിച്ചു.

ഡി.എം.കെ.യുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രകാരം 12 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നതാണ്. ജാതി സംബന്ധിച്ച പരാതിവന്നതോടെ സംവരണ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ജീവ സ്റ്റാലിനെ മാറ്റുകയായിരുന്നു. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുബ്ബലക്ഷ്മി ജഗദ്ദീശനും മുൻ മന്ത്രി പൂങ്കോതൈ ആലഡി അരുണയും ഡി.എം.കെ.യുടെ പരാജയപ്പെട്ട വനിതാസ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ഇരുവരും മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യതയുള്ളവരായിരുന്നു.

സുബ്ബലക്ഷ്മി മോടക്കുറിച്ചിയിൽ ബി.ജെ.പി.യുടെ സരസ്വതിയോട് 281 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.

മത്സരിച്ച 20 സീറ്റിൽ മൂന്നെണ്ണത്തിൽ വനിതകളെ മത്സരിപ്പിച്ച ബി.ജെ.പി.യ്ക്കുവേണ്ടി സരസ്വതിയും കോയമ്പത്തൂർ സൗത്തിൽ വാനതി ശ്രീനിവാസനും വിജയിച്ചപ്പോൾ തൗസന്റ് ലൈറ്റ്‌സിൽ മത്സരിച്ച ഖുശ്ബു പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെപ്പോലെ കോൺഗ്രസിന്റെ ഒരേയൊരു വനിതാസ്ഥാനാർഥി വിജയധരണിയായിരുന്നു. വിളവൻകോടുനിന്ന് ഇവർ വിജയിച്ചു.