ചെന്നൈ : മുഖ്യമന്ത്രി സ്ഥാനാർഥികളായിരുന്ന അഞ്ച് പേരിൽ കമൽഹാസൻ അടക്കം മൂന്ന് പേരും പരാജയപ്പെട്ടു. അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ, നാം തമിഴർകക്ഷി നേതാവ് സീമാൻ എന്നിവരാണ് പരാജയപ്പെട്ട മറ്റ് മുഖ്യമന്ത്രി സ്ഥാനാർഥികൾ. കമലും ദിനകരനും രണ്ടാംസ്ഥാനയത്തായപ്പോൾ സീമാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതിയിലധികം എം.എൽ.എമാരെ നഷ്ടമായ എ.ഐ.എ.ഡി.എം.കെക്ക്‌ വേണ്ടി മത്സരിച്ച 11 മന്ത്രിമാർ പരാജയപ്പെട്ടു. ഇതേ സമയം ഡി.എം.കെയുടെ പ്രധാന നേതാക്കളിൽ ഒട്ടുമിക്കവരും വിജയിച്ചു.

റോയപുരത്ത് മത്സരിച്ച ഫിഷറീസ് മന്ത്രി ഡി. ജയകുമാർ, നിയമമന്ത്രി സി.വി. ഷൺമുഖം (വിഴുപുരം), ക്ഷീരവികസനവകുപ്പ് മന്ത്രി രാജേന്ദ്രബാലാജി (രാജപാളയം) തുടങ്ങിയവരാണ് പരാജയപ്പെട്ട മന്ത്രിമാരിൽ പ്രമുഖർ. റോയപുരത്ത് തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷമാണ് ജയയകുമാർ ഇത്തവണ തോൽക്കുന്നത്. സിറ്റിങ് സീറ്റായിരുന്ന ശിവകാശിയിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയത്താൽ മണ്ഡലം മാറിയ മന്ത്രി രാജേന്ദ്ര ബാലാജിക്ക്‌ രാജപാളയത്തും രക്ഷയുണ്ടായില്ല. ശിവകാശിയിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിയും പരാജയപ്പെട്ടിരുന്നു.

മലയാളികൾ ഏറെ താമസിക്കുന്ന ചെന്നൈക്ക്‌ സമീപമുള്ള ആവഡിയിൽ തമിഴ് സാംസ്കാരിക വകുപ്പ് മന്ത്രി കെ. പാണ്ഡ്യരാജൻ പരാജയപ്പെട്ടു. അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് പാണ്ഡ്യരാജന്റെ തോൽവി. അമ്മ മക്കൾ മുന്നേറ്റ കഴകം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന കോവിൽപ്പട്ടിയിൽ മന്ത്രി കടമ്പൂർ രാജുവിനോടാണ് ദിനകരൻ പരാജയപ്പെട്ടത്. വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ഖജാൻജിയുമായ പ്രേമലത വിരുദാചലത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമ്മ മക്കൾ മുന്നേറ്റ കഴകം നേതൃത്വത്തിലുള്ള സഖ്യത്തിലായിരുന്നു ഡി.എം.ഡി.കെ. മത്സരിച്ചത്.

ബി.ജെ.പി. മത്സരിപ്പിച്ച പ്രമുഖ സ്ഥാനാർഥികളിൽ ഒട്ടുമിക്കവരും പരാജയപ്പെട്ടപ്പോൾ ഇവരുടെ ചില സ്ഥാനാർഥികൾ അപ്രതീക്ഷിതമായി വിജയിക്കുകയായിരുന്നു. നടി ഖുശ്ബു, പാർട്ടി സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ, ഉപാധ്യക്ഷൻ കെ. അണ്ണാമലൈ, മുൻ ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരാണ് പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിയിലെ പ്രധാനികൾ.

മക്കൾ നീതി മയ്യത്തിന് വേണ്ടി മത്സരിച്ചവരിൽ കമൽഹാസൻ കൂടാതെ നടി ശ്രീപ്രിയ (മൈലാപ്പൂർ), പാർട്ടി ഉപാധ്യക്ഷൻ ആർ. മഹേന്ദ്രൻ (സിങ്കാനല്ലൂർ), ജനറൽ സെക്രട്ടറിയും മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ സന്തോഷ് ബാബു (വേളാച്ചേരി) എന്നിവരും പരാജയപ്പെട്ടു. പരാജയപ്പെട്ട ഡി.എം.കെയിലെ പ്രമുഖർ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുബ്ബലക്ഷ്മി (മോടക്കുറിച്ചി), വക്താവ് തങ്കത്തമിഴ്‌സെൽവൻ (ബോഡിനായ്ക്കനൂർ) എന്നിവരാണ്.

തങ്കത്തമിഴ്‌സെൽവൻ പരാജയപ്പെട്ടത് ഉപമുഖ്യമന്ത്രി പനീർശെൽവത്തോടാണ്. തൊണ്ടാമുത്തൂരിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച നടൻ മൻസൂർ അലിഖാൻ നേടിയത് വെറും 428 വോട്ടാണ്.