ചെന്നൈ : എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തുമ്പോൾ മന്ത്രിമാർ ആരൊക്കെയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. സാധ്യതാപട്ടികയിൽ മുതിർന്നനേതാക്കളുടെയും മുൻ മന്ത്രിമാരുടെയും പേരുകൾ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ പൊതുഭരണം, പോലീസ്, വനം, റവന്യൂ, വകുപ്പുകൾ കൈകാര്യംചെയ്യാനാണ് സാധ്യത. സ്പീക്കർ സ്ഥാനത്തേക്ക് ദുരൈ മുരുഗനാണ് പരിഗണനയിലുള്ളത്.

ഐ. പെരിയസാമി, കെ.എൻ. നെഹ്രു, കെ. പൊൻമുടി, തങ്കം തെന്നരസ്, എം. സുബ്രഹ്മണ്യം എന്നിവർ പരിഗണനയിലുണ്ട്. തൗസന്റ്‌ലൈറ്റ്‌സ് മണ്ഡലത്തിൽ ഖുശ്ബുവിനെ തോൽപ്പിച്ച ഡോ. ഏഴിലനെയാണ് ആരോഗ്യവകുപ്പുമന്ത്രിയായി പരിഗണിക്കുന്നത്. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലുവിന്റെ മകൻ ടി.ആർ.ബി. രാജ എന്നിവരെ ഉൾപ്പെടുത്തിയേക്കും. ഗീത ജീവൻ, സെന്തിൽ ബാലാജി, ഖാദർ ബാഷ, എം.ആർ.കെ. പനീർശെൽവം, ഇ.വി. വേലു, പി.ടി.ആർ. ത്യാഗരാജൻ, അൻബിൽ മഹേഷ് തുടങ്ങിയവരെയും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.