ചെന്നൈ: താരപ്രഭയിൽ നിന്നും രാഷ്ട്രീയത്തിലെത്തി വൻപരാജയം നേരിട്ട നടൻ ശിവാജി ഗണേശനു സമാനമായി കമൽഹാസന്റെ അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പിൽ കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് ഒരു സീറ്റിലും വിജയിക്കാനായില്ല. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയവരെല്ലാം എം.ജി.ആറും ജയലളിതയുമില്ലെന്ന പാഠമാണ് തിരഞ്ഞെടുപ്പ് കമൽഹാസന് നൽകിയത്.

കോയമ്പത്തൂർ സൗത്തിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ വിജയപ്രതീക്ഷയിലായിരുന്നു കമൽ. എന്നാൽ 1728 വോട്ടിന്റെ വ്യത്യാസത്തിൽ ബി.ജെ.പി. സ്ഥാനാർഥി വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടു. ലക്ഷക്കണക്കിന് ആരാധകരുണ്ടായിട്ടും വൻ പ്രചാരണം നടത്തിയിട്ടും കമലിന് ചലനമുണ്ടാക്കാനായില്ല.

‘മക്കൾ തിലകം’ ശിവാജി ഗണേശന്റെ രാഷ്ട്രീയജീവിതം ഏതാണ്ട് ഇതുപോലെയായിരുന്നു. ഡി.എം.കെയിൽ തുടങ്ങി കോൺഗ്രസിലെത്തിയ അദ്ദേഹം 1987 ൽ എം.ജി.ആറിന്റെ മരണത്തെത്തുടർന്ന് എ.ഐ.എ.ഡി.എം.കെയിലെത്തി. ആഭ്യന്തര കലഹമുണ്ടായപ്പോൾ എം.ജി.ആറിന്റെ വിധവ വി.എൻ. ജാനകിയെ പിന്തുണയ്ക്കുകയായിരുന്നു. 1989-ലെ തിരഞ്ഞെടുപ്പിൽ ജാനകി പക്ഷത്തിന് എല്ലാ സീറ്റും നഷ്ടമായി. പിന്നീട് ശിവാജി ഗണേശൻ 1988- ൽ തമിഴക മുന്നേറ്റ മുന്നണി(ടി.എം.എം) എന്ന പാർട്ടിയുണ്ടാക്കി. തിരുവയ്യാർ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങിയെങ്കിലും 10,643 വോട്ടുകൾക്ക് ഡി.എം.കെ. സ്ഥാനാർഥിയോട് പരാജയപ്പെട്ടു. ‘തെറ്റായ തീരുമാനങ്ങൾ എടുക്കുമ്പോൾ നിരാശകൾ നേരിടേണ്ടിവരും.’ എന്നാണ് പിന്നീട് ശിവാജി ഗണേശൻ പ്രതികരിച്ചത്. ഒരു വർഷം മാത്രമായിരുന്നു പാർട്ടിയുടെ ആയുസ്സ്. 1990 ൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം അഭിനയത്തിൽ ഒതുങ്ങി.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പ് കമൽഹാസനും വലിയ പാഠമാണ്. അഴിമതിക്കെതിരേ ശബ്ദമുയർത്തിയതു കൊണ്ടുമാത്രം നേതാവാകില്ലെന്ന തിരിച്ചറിവും. തമിഴകത്ത് ഇനി ഒരു എം.ജി.ആർ. ഉദിച്ചുയരില്ലെന്നു മുൻകൂട്ടി കണ്ടറിഞ്ഞായിരിക്കാം സൂപ്പർ താരം രജനീകാന്ത് തന്ത്രപൂർവം രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും ഒഴിഞ്ഞുമാറിയത്. യുവജനതയും കമലിന്റെ പാർട്ടിയെ പിന്തുണച്ചില്ലെന്നതും പ്രത്യേകതയാണ്. അമിത ആത്മവിശ്വാസവും അപകടമായി. വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാത്തതും വിനയായി.

എം.ജി.ആറും കരുണാനിധിയും ജയലളിതയും പരിചയസമ്പത്തിന്റെ പിൻബലത്തിലാണ് പാർട്ടിയെ വളർത്തിയതും വിജയത്തിലേക്ക് നയിച്ചതും. കമൽ പുതുമുഖമായാണ് രാഷ്ട്രീയപാതയിലേക്കു വരുന്നത്. സിനിമ നൽകുന്ന പേരും പ്രശസ്തിയുംകൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.