ചെന്നൈ : കേരളത്തിൽ കോൺഗ്രസും ബി.ജെ.പി.യും വൻതിരിച്ചടി നേരിട്ടപ്പോൾ തമിഴ്‌നാട്ടിൽ ഇരുകക്ഷികൾക്കും നേട്ടം. ദ്രാവിഡ കക്ഷികളുടെ തണലിലാണ് ഇരു പാർട്ടികളും നില മെച്ചപ്പെടുത്തിയത്.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഒരുസീറ്റുപോലും നേടാതിരുന്ന ബി.ജെ.പി. ഇത്തവണ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ നാലുസീറ്റ് നേടി. കഴിഞ്ഞ തവണത്തെക്കാൾ കുറവ് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് എട്ടിൽനിന്ന് 18-ആക്കി അംഗബലം വർധിപ്പിച്ചു.

തമിഴ്‌നാട്ടിൽ 25 സീറ്റിൽ മത്സരിച്ചാണ് 18 സീറ്റു നേടിയത്. 2016-ൽ ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസ് 41 സീറ്റിൽ മത്സരിച്ചെങ്കിലും എട്ടു സീറ്റിലാണ് വിജയിച്ചത്.

എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് ഭരണം നഷ്ടമായെങ്കിലും ബി.ജെ.പി. നേട്ടമുണ്ടാക്കി. 20 വർഷത്തിനു ശേഷമാണ് തമിഴ്‌നാട് നിയമസഭയിൽ ഇടംനേടിയത്.

കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേർ മത്സരിച്ച അഞ്ച് മണ്ഡലങ്ങളിൽ നാലിലും വിജയം കോൺഗ്രസിനായിരുന്നു. മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ മത്സരിച്ച കോയമ്പത്തൂർ സൗത്താണ് കോൺഗ്രസിനോട് നേരിട്ട് മത്സരിച്ച് ബി.ജെ.പി.നേടിയ ഏക സീറ്റ്. ഇവിടെ കമൽഹാസനും മത്സരിച്ചതിനാൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. കമൽ രണ്ടാമതായപ്പോൾ കോൺഗ്രസിന്റെ മയൂര ജയകുമാർ മൂന്നാം സ്ഥാനത്തായി. ഊട്ടി, വിളവൻകോട്, കൊളച്ചൽ, കാരക്കുടി എന്നിവിടങ്ങളിലാണ് കോൺഗ്രസ് ബി.ജെ.പി.യെ പരാജയപ്പെടുത്തിയത്. കാരക്കുടിയിൽ ബി.ജെ.പി. മുൻ ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ എച്ച്. രാജയെയാണ് കോൺഗ്രസിന്റെ എസ്. മാങ്കുടി പരാജയപ്പെടുത്തിയത്.