ചെന്നൈ : മുഖ്യമന്ത്രിയാകുന്ന എം.കെ. സ്റ്റാലിന് മുന്നിലെ പ്രധാന വെല്ലുവിളി കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതായിരിക്കും. കോവിഡ് വ്യാപനം തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പൂർണ പരാജയമായിരുന്നുവെന്ന് സ്റ്റാലിൻ തിരഞ്ഞെടുപ്പുപ്രചാരണ ഘട്ടത്തിൽ ആവർത്തിച്ച് കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് ബാധിതർ വർധിക്കുന്നത് പിടിച്ചുനിർത്തേണ്ടിവരും. പ്രതിദിന കോവിഡ് ബാധിതർ 20,000 പിന്നിട്ടിരിക്കുകയാണ്.

18-നും 45-നും വയസ്സിന് ഇടയിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് എടപ്പാടിസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്സിനുകൾ സംഭരിച്ചിരുന്നില്ല. കേന്ദ്രസർക്കാർ 20 ലക്ഷം ഡോസ് വാക്സിൻ നൽകുമെന്ന് വാഗ്ദാനംചെയ്തിരുന്നു. തമിഴ്‌നാട് ഒന്നരക്കോടി ഡോസ് വാക്സിനുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല.

വാക്സിൻ, ഓക്സിജൻ, കോവിഡിന് നൽകുന്ന റെംഡെസിവിർ മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പുവരുന്നതിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് മേയ് അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് വരും. കോവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ മരുന്നിന് കടുത്തക്ഷമം നേരിടുന്നുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന മരുന്ന് കോവിഡ് ബാധിതർക്ക് മുൻഗണനാടിസ്ഥാനത്തിൽ നൽകാനുള്ള നടപടികൾ എടുക്കേണ്ടത് സ്റ്റാലിന്റെ നേതൃത്വത്തിലുളള നിയുക്ത സർക്കാരായിരിക്കും. സർക്കാർ ആശുപത്രികളിൽ കിടക്കകളും ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഓക്സിജൻ ഉറപ്പാക്കേണ്ടതും വൻ ദൗത്യമായിരിക്കും.

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരത്തിലേറിയതിനുശേഷം ബൃഹദ് പദ്ധതി ആവിഷ്കരിക്കുമെന്നാണ് ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പുപ്രഖ്യാപനം.

ചീഫ്‌ സെക്രട്ടറി രാജീവ് രഞ്ജനും കോവിഡ് നിയന്ത്രണ ദൗത്യത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും എം.കെ. സ്റ്റാലിനുമായി ചർച്ചനടത്തി.