ചെന്നൈ : ആശുപത്രിമാലിന്യം തമിഴ്‌നാട്ടിലെ അതിർത്തി ജില്ലകളിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിതട്രിബ്യൂണലിന്റെ ദക്ഷിണമേഖല ബെഞ്ച് കേരളത്തോട് വിശദീകരണം തേടി. ഈ വർഷം ഏപ്രിലിൽ പൊള്ളാച്ചിക്കുസമീപം കേരളത്തിൽനിന്ന് മൂന്നുലോറികളിൽ ആശുപത്രിമാലിന്യം തള്ളിയിരുന്നു.

സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. കേരളം പലവർഷങ്ങളിലായി കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ ജില്ലകളിൽ ആശുപത്രിമാലിന്യം തള്ളുകയാണ്. അതിർത്തി ചെക് പോസ്റ്റുകളിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് ലോറികളിൽ മാലിന്യം തമിഴ്‌നാട്ടിലേക്ക് തള്ളുന്നത്. കഴിഞ്ഞ പത്തുവർഷമായി ഇത് തുടരുന്നു.

ആശുപത്രിമാലിന്യസംസ്കരണത്തിന് കേരളം ശാശ്വതമായ പരിഹാരം കാണണം. മാലിന്യം എങ്ങനെ സംസ്കരിക്കാമെന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കണം. ആശുപത്രിമാലിന്യം സംസ്കരിക്കാൻ കേരളത്തിൽ മതിയായ സംസ്കരണശാലകളുണ്ടോയെന്ന് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിൽ വ്യക്തമാക്കി.

മാലിന്യം ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാത്ത ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും എതിരേ നടപടി സ്വീകരിക്കണം. അതിർത്തികളിലെ ചെക് പോസ്റ്റുകളിൽ ജോലിചെയ്യുന്നവരും മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി കേസെടുക്കണം. വാഹനങ്ങൾ പിടിച്ചെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.