ചെന്നൈ : അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷ(എ.ഐ.ഇ.എം.എ.)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 14-ാമത് അന്താരാഷ്ട്ര മെഷീൻ ടൂൾസ് പ്രദർശനമേള(എ.സി.എം.ഇ.ഇ.) ഒമ്പതു മുതൽ 13 വരെ നന്ദംപാക്കം ചെന്നൈ ട്രേഡ് സെന്ററിൽ നടക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും. ‘സ്മാർട്ട് മാനുഫാക്ചറിങ്’ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ മേള. 100 വിദേശ കമ്പനികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 400 നിർമാണക്കമ്പനികൾ മേളയിൽ പങ്കെടുക്കുമെന്ന് എ.ഐ.ഇ.എം.എ. പ്രസിഡന്റ് എ.എൻ. ഗിരീശൻ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.

30,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 500 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ഏറ്റവും നവീനമായ മെഷിൻ ഉപകരണ സാങ്കേതികത പരിചയപ്പെടുത്തുന്നതോടൊപ്പം രാജ്യത്ത് കൂടുതൽ നിക്ഷേപം എത്തിക്കാനുളള ശ്രമംകൂടി മേളയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും ഗിരീശൻ പറഞ്ഞു. ഏറ്റവും നവീനമായ നിർമാണ ഉപകരണങ്ങൾ മേളയിൽ തത്‌സമയം പരിചയപ്പെടുത്തും.

വെർച്വൽ യോഗങ്ങൾ, ത്രീഡി വെർച്വൽ ഷോ തുടങ്ങിയവ ഉണ്ടായിരിക്കും. വ്യവസായമന്ത്രി തങ്കം തെന്നരശ്, ഗ്രാമീണ വ്യവസായമന്ത്രി ടി.എം. അൻപരസൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. രണ്ടുവർഷത്തിലൊരിക്കലാണ് പ്രദർശനമേള നടത്താറുള്ളത്. കോവിഡ് വ്യാപനംമൂലം 2020 -ൽ നടത്താനായില്ല. എ.സി.എം.ഇ.ഇ. ചെയർമാൻ സതീഷ് ബാബു, കൺവീനർ സായ് സത്യകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.