ചെന്നൈ : ഭാര്യയെ അവരുടെ വീട്ടുകാർ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കുമെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ യുവാവിന്റെ ഹർജി.

തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗനാണ് തന്നെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ഭാര്യയെ വീട്ടുകാർ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ഇയാളുടെ ഗർഭിണിയായ ഭാര്യയെ വീട്ടുകാർ കഴിഞ്ഞിടയ്ക്ക് വിളിച്ചുകൊണ്ടുപോയിരുന്നു.

വിവിധ സമുദായങ്ങളിൽപ്പെട്ടവരായതിന്റെ പേരിൽ വീട്ടുകാർ എതിർത്തുവെങ്കിലും ഇതിനെ അവഗണിച്ചാണ് ജഗൻ പുതുക്കോട്ട സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാര്യയെ പിന്നീട് അവരുടെ വീട്ടുകാർ വിളിച്ചുകൊണ്ടു പോയതെന്നും ഇപ്പോൾ തമ്മിൽ കാണാൻ സമ്മതിക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേൾക്കുമെന്ന് അറിയിച്ചു.