ചെന്നൈ : ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ജവാദ് ചുഴലിക്കാറ്റ് രൂപംകൊള്ളുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികൾ ഉൾപ്പെടെ ദക്ഷിണേന്ത്യയിലേക്കുള്ള 20 തീവണ്ടികൾ റദ്ദാക്കി. പട്നയിൽനിന്ന് എറണാകുളത്തിലേക്കുള്ള ദ്വൈവാര എക്സ്‌പ്രസ്, സിൽച്ചാർ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ്, ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് എന്നിവ റദ്ദാക്കിയ തീവണ്ടികളിൽ ഉൾപ്പെടും.

കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തീവണ്ടികളാണ് പ്രധാനമായും റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ-ഹൗറ സൂപ്പർ ഫാസ്റ്റ്, തിരുച്ചിറപ്പള്ളി-ഹൗറ ദ്വൈവാര എക്സ്‌പ്രസ്, ചെന്നൈ സെൻട്രൽ -ഭൂവനേശ്വർ എക്സ്‌പ്രസ് ഉൾപ്പെടെ തമിഴ്‌നാട്ടിൽനിന്ന് വെള്ളിയാഴ്ച പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ ഒൻപത് തീവണ്ടികളും റദ്ദാക്കിയവയിൽ ഉൾപ്പെടും.