ചെന്നൈ : തമിഴ് പുതുവത്സരദിനം ചിത്തിരമാസത്തിൽ (ഏപ്രിൽ) നിന്ന് തൈമാസത്തിലേക്ക് (ജനുവരി) മാറ്റുന്നുവെന്ന് സൂചന. ഡി.എം.കെ. സർക്കാരിന്റെ പൊങ്കൽ സമ്മാന സഞ്ചിയിൽ പൊങ്കൽ ആശംസകൾക്കൊപ്പം തമിഴ് പുതുവത്സര ആശംസകളും ഇടംപിടിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും തമിഴ് പുതുവത്സരദിനം മാറ്റാനുള്ള ശ്രമത്തെ എതിർക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. അറിയിച്ചു.

ജനങ്ങളുടെ വിശ്വാസത്തിനും താത്പര്യത്തിനും എതിരാണ് നീക്കമെന്ന് പാർട്ടി കോ-ഓർഡിനേറ്റർ ഒ.പനീർശെൽവം ആരോപിച്ചു. ബി.ജെ.പി. യും ചിത്തിരയിൽത്തന്നെ തമിഴ് പുതുവത്സരം ആഘോഷിക്കണമെന്ന നിലപാടിലാണ്. അതേസമയം പി.എം.കെ., ദ്രാവിഡർ കഴകം തുടങ്ങിയ കക്ഷികൾ പുതുവത്സരപ്പിറവി ജനുവരിയിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് രംഗത്തുവന്നു. 2008-ൽ അന്നത്തെ കരുണാനിധി സർക്കാർ ചിത്തരമാസത്തെ പുതുവത്സര ആഘോഷം തൈമാസത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ 2011-ൽ ജയലളിത സർക്കാർ പുതുവത്സരാഘോഷം പഴയപടി വീണ്ടും ചിത്തിര മാസത്തിലേക്ക് മാറ്റി. ഇക്കൊല്ലം ഡി.എം.കെ. വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പുതുവത്സരം വീണ്ടും പൊങ്കലിനൊപ്പം ജനുവരിയിലേക്ക് മാറ്റുന്നുവെന്ന് ആദ്യം അഭ്യൂഹങ്ങളുയർന്നത്. ഇപ്പോൾ പുറത്തുവന്ന പൊങ്കൽ സമ്മാന സഞ്ചികളുടെ ചിത്രങ്ങൾ അഭ്യൂഹങ്ങൾക്ക് ബലമേകുന്നതായി.

2019-ൽ എ.ഐ.എ.ഡി.എം.കെ. സർക്കാർ തുടങ്ങിവെച്ച നവംബർ ഒന്നിലെ തമിഴ്‌നാട് ദിന ആചരണം ഡി.എം.കെ. അധികാരത്തിലെത്തിയപ്പോൾ ജൂലായ് 18-ലേക്ക് മാറ്റിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആനിലയിൽ തമിഴ് പുതുവത്സര ദിനവും മാറ്റിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.