:മലയാളിയായ എം.പി. രാമചന്ദ്രൻ ഗുരുസ്വാമിയുടെ അയ്യപ്പനോടുള്ള സമർപ്പണമാണ് നോർത്ത് ചെന്നൈ അയ്യപ്പക്ഷേത്രം. ശ്രീധർമശാസ്താവിന്റെ പരമഭക്തനായിരുന്ന രാമചന്ദ്രൻ 1964-ൽ മണ്ഡലകാല ഭജനയ്ക്കും ചടങ്ങുകൾക്കുമായി സ്വന്തം വീട്ടിൽ തന്നെ ക്ഷേത്രത്തിന്റെ അന്തരീക്ഷമുണ്ടാക്കി. അവിടെ മാലയിടീലും കെട്ടുനിറയും ദിനവുമുള്ള ഭജനയുമെല്ലാം നടത്തി. പ്രദേശവാസികളായവർക്ക് ഭക്ത്യോപദേശങ്ങൾ നൽകിയും സഹായിച്ചും ഗുരുസ്വാമി അയ്യപ്പസേവ തുടർന്നു.

ഇത് പിന്നീട് നോർത്ത് ചെന്നൈയിലെ അയ്യപ്പഭക്തരുടെ ആശ്രയകേന്ദ്രമായ ക്ഷേത്രമായി മാറുകയായിരുന്നു. ചെറുപ്പം മുതൽ അയ്യപ്പഭക്തനായിരുന്ന രാമചന്ദ്രന് 45 വർഷം മുമ്പ് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

എല്ലാവരും മരിച്ചുവെന്ന് കരുതിയിടത്തുനിന്ന് താൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഭഗവാന്റെ അനുഗ്രഹമാണെന്ന് വിശ്വാസിക്കുന്ന രാമചന്ദ്രൻ അയ്യപ്പന് വേണ്ടി ക്ഷേത്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. പെരുമാൾ കോവിലിന് സമീപം വിളക്കുവെച്ച് രണ്ടര പതിറ്റാണ്ടോളം പൂജകൾ നടത്തിയതിന് ശേഷമാണ് 18 വർഷം മുമ്പ് ക്ഷേത്രത്തിനായി സ്വന്തം സ്ഥലം വാങ്ങാൻ സാധിച്ചത്.

ടോൾഗേറ്റിന് സമീപം ക്ഷേത്രത്തിന് സ്ഥലം വാങ്ങാനും ഏറെ ബുദ്ധിമുട്ടി. ഡി.എം.കെ. നേതാവായിരുന്ന നേതാജി മുതലിയാർ മുഖേനെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ സ്ഥലം വാങ്ങിയത്. 19 സെന്റിനടുത്ത് സ്ഥലം 15 ലക്ഷം രൂപയായിരുന്നു പറഞ്ഞിരുന്നത്. കരാറുണ്ടാക്കി ആറ് മാസത്തിനുള്ളിൽ പണം നൽകണമെന്നായിരുന്നു. അതിന് സാധിച്ചില്ല. പിന്നീട്, രാമചന്ദ്രൻ പാലക്കാട്ടുള്ള സ്വന്തം സ്ഥലം വിറ്റ് പണം നൽകുകയായിരുന്നു. മുമ്പ് നേതാജി മുതലിയാറിന് നേരിട്ട ആരോഗ്യപ്രശ്നം ശബരിമല ദർശനത്തിന് ശേഷം മാറിയതും സ്ഥലം നൽകുന്നതിന് കാരണമായെന്ന് രാമചന്ദ്രൻ ഓർക്കുന്നു.

ചെറിയ ഷെഡ് കെട്ടിയായിരുന്നു ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ചത്. പിന്നീട് 2014-ലാണ് പുതിയ ക്ഷേത്രം നിർമിച്ച് പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചത്. അയ്യപ്പൻ പ്രധാന ആരാധനാമൂർത്തിയായ ക്ഷേത്രത്തിൽ ഗുരുവായൂരപ്പൻ, ഗണപതി, മുരുകൻ, ചോറ്റാനിക്കരയമ്മ, ദുർഗാദേവി, നാഗങ്ങൾ എന്നിവയാണ് ഉപപ്രതിഷ്ഠകൾ.

കേരളീയ ആചാരവിധികളും പൂജാക്രമങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തവണയും കെട്ടുനിറയ്ക്കുന്നതിനും മാലധാരണത്തിനും സൗകര്യങ്ങളുണ്ട്. മകരജ്യോതി വരെ അന്നദാനവുമുണ്ട്. സി. രാമചന്ദ്രൻ (രക്ഷാധികാരി) എസ്. ഭഗവതിരാജു (പ്രസിഡന്റ്), പി.എൻ. പുരുഷോത്തമൻ (സെക്രട്ടറി), കെ. ഭീംസിങ് (ഖജാൻജി) തുടങ്ങിയവരാണ് നിലവിലെ ഭരണസമിതിക്ക്‌ നേതൃത്വം നൽകുന്നത്.