ചെന്നൈ : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള വിദ്യാർഥി പ്രവേശനത്തിന്റെ അവസാന തീയതി വീണ്ടും നീട്ടിയതായി വിദ്യാഭ്യാസമന്ത്രി കെ.എ. ചെങ്കോട്ടയ്യൻ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമ (ആർ.ടി.ഇ.) പ്രകാരമുള്ള പ്രവേശനത്തീയതി നീട്ടുന്നതിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടത്. സ്കൂളുകൾ ഉടൻ തുറക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശന നടപടികൾ ഓഗസ്റ്റ് 17-നാണ് സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് വ്യാപനം കാരണം താമസിച്ചാരംഭിച്ച പ്രവേശനപ്രക്രിയയിൽ ഒട്ടേറെ വിദ്യാർഥികൾ പുതുതായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് ചേർന്നിരുന്നു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർഥം വിദ്യാർഥിപ്രവേശനത്തിന്റെ അവസാനതീയതി കഴിഞ്ഞമാസാവസാനം വരെ നീട്ടി നൽകിയിരുന്നതാണ്. ഇപ്പോഴത് സർക്കാർ സ്കൂളുകൾക്ക് വീണ്ടും നീട്ടി. എന്നാൽ, അവസാന തീയതി എന്നായിരിക്കുമെന്ന് മന്ത്രി അറിയിച്ചില്ല.
അതേസമയം, സ്കൂളുകളിലെ വിദ്യാർഥി പ്രവേശനത്തിന്റെ റിപ്പോർട്ട് ഈമാസം ഏഴിനകം നൽകണമെന്ന് സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എൽ.കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ 2019-20 അധ്യയനവർഷം സെപ്റ്റംബർ വരെ ചേർന്ന വിദ്യാർഥികളുടെ ആകെ എണ്ണവും നടപ്പ് അധ്യയന വർഷത്തെ (2020-21) കണക്കുമാണ് ചോദിച്ചിരിക്കുന്നത്.
വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളോടും ഈ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.