പുതുച്ചേരി : നിയമസഭ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയുടെ ഭാഗമായ യാനത്ത് മുൻമുഖ്യമന്ത്രി എൻ. രംഗസാമി മത്സരിക്കുമെന്ന് സൂചന. എൻ.ആർ. കോൺഗ്രസ് സ്ഥാനാർഥിയായാണ് മത്സരിക്കുക. മുൻമന്ത്രി മല്ലാടി കൃഷ്ണറാവുവിനെ 25 വർഷം നിയമസഭയിലെത്തിച്ച മണ്ഡലമാണ് യാനം.

മന്ത്രിസ്ഥാനത്തുനിന്നും കോൺഗ്രസിൽനിന്നും അടുത്തിടെയാണ് മല്ലാടി കൃഷ്ണറാവു രാജിവെച്ചത്. രംഗസാമിയെ യാനത്ത് മത്സരിപ്പിക്കാൻ പ്രേരണ നൽകുന്നതും അദ്ദേഹമാണെന്നാണ് വിവരം.

വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ഭരിച്ചപ്പോൾ അന്നത്തെ ലഫ്റ്റണന്റ് ഗവർണർ കിരൺ ബേദി തടസ്സപ്പെടുത്തിയ പല പദ്ധതികളും രംഗസാമി മുഖ്യമന്ത്രിയായാൽ മാത്രമേ തിരിച്ചുപിടിക്കാനാവുകയുള്ളൂ എന്നാണ് മല്ലാടി കൃഷ്ണറാവുവിന്റെ അഭിപ്രായം.

രാജിവെച്ച ലക്ഷ്മിനാരായണനും എൻ.ആർ. കോൺഗ്രസിന്റെ സ്ഥാനാർഥിയായി രാജ്ഭവൻ മണ്ഡലത്തിൽനിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ ഡി.എം.കെ. യുടെ മികച്ച സ്ഥാനാർഥി എസ്.പി. ശിവകുമാറിനെയാവും നേരിടേണ്ടിവരിക. കോൺഗ്രസ് സഖ്യകക്ഷികൾ സ്ഥാനാർഥികളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതേസമയം കാരക്കലിലെ തിരുഭൂവാനിയിൽ ബി.ജെ.പി. ക്ക് സീറ്റുനൽകാനാണ് സാധ്യത.