ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കമൽഹാസൻ നയിക്കുന്ന മക്കൾ നീതിമയ്യം പാർട്ടി ലക്ഷ്യമിടുന്നത് ഡി.എം.കെ.യ്ക്കും എ.ഐ.എ.ഡി.എം.കെ. യ്ക്കുമെതിരെയുള്ള ബദൽമുന്നണി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ 170 സീറ്റുകളിൽ പാർട്ടി തനിച്ചു മത്സരിക്കാനും ബാക്കി സീറ്റുകൾ ഉചിതമായ സഖ്യകക്ഷികൾക്ക്‌ നൽകാനുമാണ് തീരുമാനം. ഇതിനായി ചർച്ച നടത്തുകയാണ്.

സ്ഥാനാർഥികളാവാൻ ആഗ്രഹിക്കുന്നവരുമായി അഭിമുഖവും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. ഡി.എം.കെ., എ.ഐ.ഡി.എം.കെ. എന്നിവയ്ക്കെതിരേ, ജനങ്ങൾ വിശ്വസിക്കുന്ന ബദൽ മുന്നണിയാണ് മക്കൾ നീതിമയ്യത്തിന്റെ ലക്ഷ്യം.

നാലു ചെറുപാർട്ടികളുമായി സഖ്യചർച്ച തുടങ്ങിയിട്ടുണ്ടെങ്കിലും ഈ കക്ഷികൾക്ക് കാര്യമായ വോട്ട്ബാങ്ക് ഇല്ല എന്നതാണ് ആശങ്കയിലാക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

സഖ്യത്തിന്‌ തയ്യാറാകുന്ന എല്ലാ പാർട്ടികളുടെയും നല്ലതും മോശവുമായ വശങ്ങൾ ഉൾക്കൊണ്ട് മികച്ചതിനെ ഒപ്പം കൂട്ടാനാണ് തീരുമാനം. ഡി.എം.കെ.യുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകവുമായി സഖ്യത്തിലാവുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

മക്കൾ നീതി മയ്യത്തെ ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയിലേക്ക് കൊണ്ടു വരാനും കമൽ ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്. അഴമതിക്കെതിരേ ശബ്ദമുയർത്തി പ്രചാരണം നടത്താനാണ് ആലോചിക്കുന്നത്. 2018-ൽ മക്കൾ നീതി മയ്യം പാർട്ടി രൂപവത്കരണച്ചടങ്ങിൽ ആംആദ്മി നേതാവ് കെജ്‌രിവാൾ പങ്കെടുത്തിരുന്നു.

അഴിമതിയുടെ കറയില്ലാത്ത സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്ന് കമൽഹാസന് പ്രത്യേക നിർബന്ധമുണ്ടെന്നും പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും ഉദ്ദേശിച്ചതുമുഴുവൻ നേടാനോ എല്ലാത്തിലും വിട്ടുവീഴ്ച ചെയ്യാനോ പ്രയാസമാണ്. അതിനാൽ നിലവിൽ വന്നുചേരുന്ന മെച്ചപ്പെട്ട സാധ്യതകൾ ഉൾക്കൊള്ളുകയാണ് മക്കൾ നീതി മയ്യത്തിന്റെ ലക്ഷ്യം.