ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ 68-ാം പിറന്നാൾ ആഘോഷിച്ച് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. അച്ഛനും ഡി.എം.കെ. മുൻ അധ്യക്ഷനുമായ കരുണാനിധിയുടെ സമാധിസ്ഥലം സന്ദർശിച്ചുകൊണ്ടായിരുന്നു പിറന്നാൾ ദിവസത്തെ ചടങ്ങുകൾ സ്റ്റാലിൻ ആരംഭിച്ചത്.

മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ തുടങ്ങിയ നേതാക്കളും നടൻ രജനീകാന്ത് തുടങ്ങിയ പ്രമുഖരും പാർട്ടി അണികളും ആശംസകൾ നേർന്നു.

തിങ്കളാഴ്ച രാവിലെ മറീനയിൽ എത്തിയ സ്റ്റാലിൻ ആദ്യം കരുണാനിധിയുടെ സമാധി സന്ദർശിക്കുകയും അവിടെ സാഷ്ടാംഗപ്രണാമം നടത്തുകയുമായിരുന്നു. സമീപമുള്ള അണ്ണാ സമാധിയിലും പുഷ്പാർച്ച നടത്തിയതിനുശേഷം വെപ്പേരിയിലുള്ള പെരിയാർ സമാധിയും സന്ദർശിച്ചു. പിന്നീട് ഗോപാലപുരത്തുള്ള വീട്ടിലെത്തി അമ്മ ദയാലുയമ്മാളിനെ കണ്ട് ആശീർവാദം സ്വീകരിച്ചു. തുടർന്ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നേതാക്കളും അണികളും ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി.

പ്രവർത്തകരെ നേരിൽകണ്ട സ്റ്റാലിന് അവർ ഷാളുകൾ, വേഷ്ടി തുടങ്ങിയ സമ്മാനങ്ങൾ നൽകി. മൻമോഹൻസിങ്, രാഹുൽ ഗാന്ധി, രജനികാന്ത് തുടങ്ങിയവർ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നപ്പോൾ മക്കൾ കമൽഹാസൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ ട്വിറ്റർ മുഖേന ആശംസകൾ നേർന്നു. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസാമി, എം.ഡി.എം.കെ. നേതാവ് വൈകോ, വി.സി.കെ. നേതാവ് തിരുമാവളവൻ തുടങ്ങിയവർ സ്റ്റാലിനെ നേരിൽക്കണ്ട് ആശംസ അറിയിച്ചു. പിന്നീട് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പം സ്റ്റാലിൻ പിറന്നാൾ ആഘോഷിച്ചു.