ഹൈദരാബാദ്: ലോകത്തെ പല രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം സ്ഥിരീകരിക്കപ്പെട്ടിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സത്വര നടപടികൾ കൈക്കൊണ്ടിട്ടും ആന്ധ്രയിലും തെലങ്കാനയിലും ജനങ്ങൾ ജാഗരൂകരായിട്ടില്ല. രണ്ടു തെലുഗു സംസ്ഥാനങ്ങളിലും ജനജീവിതം കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്കായിക്കഴിഞ്ഞു. വിദ്യാലയങ്ങൾ, സിനിമ തീയേറ്ററുകൾ, ഹോട്ടലുകൾ, ബാറുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം തുറന്നു. ഹൈദരബാദിലും മറ്റും ജനക്കൂട്ടം പഴയപടിയിലായി. വിവാഹച്ചടങ്ങുകളിലും മറ്റു ആഘോഷങ്ങളിലും നിയന്ത്രണമൊന്നുമില്ലാതെ ആൾക്കൂട്ടം വർധിച്ചു.

തട്ടുകടകളിലും മറ്റു വഴിയോര കടകളിലും ഭക്ഷണ ശാലകളിലും ചന്തകളിലും മറ്റും മാസ്‌ക്കു പോലും ശരിക്കു ധരിക്കാതെ, മറ്റു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനം തടിച്ചു കൂടുന്നു. തെലങ്കാനയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒമിക്രോണിനെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഉന്നതതല യോഗം ചേർന്നു. എന്നാൽ നടപടികൾ ഒന്നും ആയിട്ടില്ല. ഹൈദരാബാദ് അന്തർദേശീയ വിമാനത്താവളത്തിൽ വിദേശത്തു നിന്നുമെത്തുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്.