ചെന്നൈ : ലോക്‌സഭ മുൻ എം.പി. യും പാർട്ടിയുടെ ന്യൂനപക്ഷവിഭാഗം സെക്രട്ടറിയുമായ എ. അൻവർ രാജയെ എ.ഐ.എ.ഡി.എം.കെ. യിൽനിന്ന് പുറത്താക്കി. പാർട്ടിയിലെ ഇരട്ടനേതൃത്വത്തെ ചോദ്യംചെയ്യുകയും മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തിരിച്ചെടുക്കാൻ ശക്തമായി വാദിക്കുകയുംചെയ്ത നേതാവാണ് അൻവർ രാജ.

ചൊവ്വാഴ്ച രാത്രി വൈകിയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നും മറ്റുചുമതലകളിൽനിന്നും നീക്കിയതായി എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്റർ ഒ. പനീർസെൽവവും ജോയന്റ് കോ-ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയും പ്രസ്താവന പുറത്തിറക്കിയത്.

ബുധനാഴ്ച പാർട്ടിയുടെ നിരവാഹകയോഗം നടക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് നടപടിയുണ്ടായത്.

2001-2006 കാലയളവിൽ എ.ഐ.എ.ഡി.എം.കെ. സർക്കാരിനുകീഴിൽ തൊഴിൽവകുപ്പു മന്ത്രിയായിരുന്നു. രാമനാഥപുരത്തെ പ്രതിനിധീകരിച്ച് 2014-2019 കാലയളവിൽ ലോക്‌സഭാ എം.പി. യായിരുന്ന അൻവർ രാജ എ.ഐ.എ.ഡി.എം.കെ. യുടെ മുഖ്യ സഖ്യകക്ഷി ബി.ജെ.പി. യുടെ കടുത്ത വിമർശകൻ കൂടിയായിരുന്നു. 2018-ൽ മുത്തലാഖ് നിയമനിർമാണത്തെക്കുറിച്ച് അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. അടുത്തിടെപോലും ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന് സുതാര്യതയില്ലെന്നും പാർട്ടി സ്ഥാപകൻ എം.ജി.ആറും മുൻ മുൻ മുഖ്യമന്ത്രി ജയലളിതയും സഞ്ചരിച്ച പാതയിൽനിന്നും മാറി പ്രവർത്തിക്കുന്നുവെന്നും അടുത്തിടെ ആരോപിച്ചിരുന്നു. പാർട്ടി നേതൃത്വവുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം തുറന്നു പ്രകടിപ്പിച്ചതിനാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും അൻവർ രാജയ്ക്ക് മത്സരിക്കാൻ സീറ്റും നിഷേധിച്ചു.