ചെന്നൈ : മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ 100 വയസ്സ് പിന്നിടുമ്പോൾ പ്രായത്തിൽ തൊട്ടുപിന്നിലുണ്ട് നിയമസഭാസ്പീക്കറുടെ കസേര. തമിഴ്‌നാട് നിയമസഭാസ്പീക്കർ ഇപ്പോഴും ഉപയോഗിക്കുന്ന കസേര 99 വർഷം പഴക്കമുള്ളതാണ്. മദ്രാസ് പ്രസിഡൻസിയുടെ ഗവർണറായിരുന്ന വെല്ലിങ്ടൺ പ്രഭു 1922-ൽ കൗൺസിലിന് സമ്മാനിച്ചതാണ് ഈ കസേര. തേക്കുതടയിൽ തീർത്ത കസേരയ്ക്ക് ഇതുവരെ വലിയ പണികളൊന്നും വന്നിട്ടില്ല. കൊത്തുപണികളുള്ള കസേര ഒരോ സമ്മേളനകാലത്തിനുമുമ്പും പോളിഷ് ചെയ്ത് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. സമ്മേളനം പലയിടങ്ങളിലേക്ക് മാറ്റിയപ്പോഴൊക്കെ ഈ കസേരയും കൊണ്ടുപോയിരുന്നു.