ചെന്നൈ : ദക്ഷിണേന്ത്യയിൽ ജനാധിപത്യഭരണത്തിന് വിത്തിട്ട മദ്രാസ് നിയമനിർമാണ സഭയുടെ (മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ) നൂറാം വാർഷികാഘോഷത്തിന് ഒരുങ്ങി തമിഴ്‌നാട് സർക്കാർ. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷം രാഷ്ട്രപത്രി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭയിൽ മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യലും രാഷ്ട്രപതി നിർവഹിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കോൺഗ്രസ് ബഹിഷ്‌കരിച്ച ആദ്യ നാല് കൗൺസിലുകൾ

ഉപദേശക സമിതിയായി 1861-ൽ ആരംഭിച്ച മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ജനപ്രതിനിധിസഭയായി മാറിയത് 1921-ലാണ്. 1920 നവംബറിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ് ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയാണ് ഭൂരിപക്ഷം നേടിയത്. ദ്വിഭരണം നിലനിന്നിരുന്നതിനാൽ പരിമിതമായ അധികാരങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുണ്ടായിരുന്നത്. മൂന്ന് വർഷമായിരുന്ന കൗൺസിലിന്റെ കാലാവധി. 1923, ‘26, ‘30, ‘34 വർഷങ്ങളിലും കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു.

ഉപരിസഭയും അധോസഭയും

പ്രവിശ്യാ സർക്കാരുകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 മദ്രാസ് നിയമനിർമാണ സഭയുടെ പ്രവർത്തന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. ഇതോടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലും അധോസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയും (നിയമസഭ) നിലവിൽ വന്നു. 1937 ഫെബ്രുവരിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 215 അംഗ നിയമസഭയിൽ 159 സീറ്റുകൾ നേടി കോൺഗ്രസ് വിജയിച്ചു. സി. രാജഗോപാലാചാരി മുഖ്യമന്ത്രിയായി. അന്ന് പ്രധാനമന്ത്രിയെന്നായിരുന്നു ഈ സ്ഥാനത്തിന്റെ പേര്. 1937 ജൂലായിൽ നിലവിൽ വന്ന മദ്രാസ് നിയമസഭയുടെ ആദ്യ സ്പീക്കർ ബുലുസു സാംബമൂർത്തിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ പങ്കെടുക്കുന്നതിനെ എതിർത്ത് കോൺഗ്രസ് സർക്കാർ രാജിവെച്ച 1943 വരെ ആദ്യ നിയമസഭ തുടർന്നു. 1946-ൽ രണ്ടാം തിരഞ്ഞെടുപ്പ് നടന്നു. അതിലും കോൺഗ്രസ് വിജയിച്ചു. പിന്നീട് സ്വാതന്ത്ര്യം ലഭിക്കുകയും 1950-ൽ പുതിയ ഭരണഘടന നിലവിൽവരുകയും ചെയ്തിനുശേഷവും പഴയ സഭയും സർക്കാരും തുടർന്നു.

സ്വാതന്ത്ര്യാനന്തരകാലം

കേരളത്തിലെ മലബാർ മേഖലയും ഉൾപ്പെടുന്ന മദ്രാസ് സംസ്ഥാനത്തെ നിയമസഭയുടെ അംഗസംഖ്യ 375 ആയിരുന്നു. 309 മണ്ഡലങ്ങളുണ്ടായിരുന്നു. ഇതിൽ 66 മണ്ഡലങ്ങൾ ദ്വയാംഗമണ്ഡലങ്ങളായിരുന്നു. പിന്നീട് ആന്ധ്രയുടെ ഭാഗമായ 143 മണ്ഡലങ്ങളും മലബാറിൽ നിന്നുള്ള 29 മണ്ഡലങ്ങളും കർണാടകയുടെ ഭാഗമായി തീർന്ന 11 മണ്ഡലങ്ങളും തമിഴ്‌നാട്ടിലെ 190 മണ്ഡലങ്ങളുമായിരുന്നു മദ്രാസ് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ. 1952-ൽ സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അടുത്ത തിരഞ്ഞെടുപ്പ് (1957) എത്തിയപ്പോഴേക്കും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണം നടന്നതിനാൽ മലബാർ കേരള സംസ്ഥാനത്തിന്റെ ഭാഗമായി. തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ ആന്ധ്രയോടും കന്നഡ സംസാരിക്കുന്ന പ്രദേശങ്ങൾ കർണാടക സംസ്ഥാനങ്ങളിലേക്കും ചേർക്കപ്പെട്ടു. കന്യാകുമാരി ജില്ലയും ചെങ്കോട്ട താലൂക്കും അധികമായി മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി. ഇതോടെ നിയമസഭയുടെ അംഗസംഖ്യ 206 ആയി. 1965-ലാണ് അംഗബലം 234 ആയി വർധിപ്പിച്ചത്. ഇപ്പോഴും ഇതുതന്നെയാണ്.

പേരുമാറ്റം

ഡി.എം.കെ. സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം 1969-ലാണ് സംസ്ഥാനത്തിന്റെ പേര് മദ്രാസ് എന്നതിന് പകരം തമിഴ്‌നാട് എന്നാക്കിയത്. ഇതോടെ മദ്രാസ് നിയമസഭ തമിഴ്‌നാട് നിയമസഭയായി.

ഉപരിസഭയായി നിയമസഭാ കൗൺസിൽ അതിന് ശേഷവും തുടർന്നുവെങ്കിലും 1986-ൽ എം.ജി.ആർ. മുഖ്യമന്ത്രിയായിരിക്കേ കൗൺസിൽ ഒഴിവാക്കി. 2010-ൽ വീണ്ടും നിയമസഭാ കൗൺസിൽ രൂപവത്കരിക്കാൻ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ ശ്രമം തുടങ്ങിയെങ്കിലും പിന്നീട് 2011-ൽ അധികാരത്തിലെത്തിയ ജയലളിത സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.