ചെന്നൈ : തമിഴ്‌നാട്ടിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അടുത്തയാഴ്ച മുതൽ തമിഴിൽ പൂജ നടത്തുമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു അറിയിച്ചു.

ആദ്യപടിയായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴിൽ പൂജ നടത്തും. സംസ്കൃതത്തിന് പകരം തമിഴിലായിരിക്കും പൂജാേശ്ലാകങ്ങൾ ചൊല്ലുക. ഇതിനുള്ള പരിശീലനം പൂജാരിമാർക്ക് നൽകിക്കഴിഞ്ഞു. ‘തമിഴിൽ പൂജ’ എന്ന ബോർഡ് എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിക്കും.

ഇന്നത്തെ പൂജ എന്ന തലക്കെട്ടിൽ ആ ദിവസം നടക്കുന്ന പൂജകളുടെ വിവരങ്ങളും ബോർഡിൽ പ്രദർശിപ്പിക്കും. പൂജാരിയുടെ പേരും ബോർഡിൽ എഴുതും. പ്രധാനപ്പെട്ട 47 വലിയ ക്ഷേത്രങ്ങളിലും അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തമിഴിൽ പൂജ തുടങ്ങും. തുടർന്ന് ഘട്ടംഘട്ടമായി എല്ലാ ക്ഷേത്രങ്ങളിലും തമിഴിൽ പൂജ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ തമിഴിൽ പൂജ തുടങ്ങുമെന്ന് ഡി.എം.കെ.യുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈ ബ്രോഡ്‌വേയിൽ നടന്ന സഹായ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ ചടങ്ങിലാണ് മന്ത്രി തമിഴ് പൂജയുടെ കാര്യം പ്രഖ്യാപിച്ചത്. 14 അവശ്യ ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റാണ് നൽകിയത്. ചടങ്ങിൽ ദയാനിധി മാരൻ എം.പി. പങ്കെടുത്തു.