ചെന്നൈ : സംസ്ഥാനത്തെ എസ്.ബി.ഐ. എ.ടി.എമ്മുകളിൽനിന്ന് സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കവർന്ന സംഭവത്തിൽ കേസന്വേഷണം സി.ബി.ഐ.ക്ക്‌ കൈമാറാൻ ആലോചന. കേസ് കൈമാറാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചെന്നാണ് വിവരം. നിലവിലെ സി.ബി.സി.ഐ.ഡി. അന്വേഷണസംഘം ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയശേഷം ഇതിൽ തീരുമാനമുണ്ടായേക്കും.

സി.ബി.ഐ. കേസ് ഏറ്റെടുക്കുന്നത് ഉത്തരേന്ത്യയിലുള്ള പ്രതികളെ പിടികൂടുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനും സഹായമാകുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ജൂൺ മാസം 17 മുതൽ 19 വരെയാണ് തട്ടിപ്പ് അരങ്ങേറിയത്. പണം നിക്ഷേപിക്കാൻ സൗകര്യമുള്ള യന്ത്രങ്ങളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തിയത്. ഇത്തരത്തിൽ ചെന്നൈ, തിരുവണ്ണാമലൈ, വെല്ലൂർ, കാഞ്ചീപുരം എന്നിവിടങ്ങളിലായി ഒരു കോടിയോളം രൂപ കൊള്ളസംഘം തട്ടിയെടുത്തു. പകുതിയോളം പണവും ചെന്നൈയിലെ എ.ടി.എമ്മുകളിൽനിന്നാണ് കവർന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് സി.ബി.സി.ഐ.ഡി. പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. നാലുപ്രതികളെ ഹരിയാണയിൽനിന്ന് സി.ബി.സി.ഐ.ഡി. അറസ്റ്റ് ചെയ്തെങ്കിലും ആറുപേർ ഇപ്പോഴും ഒളിവിലാണ്.