ചെന്നൈ : നഗരത്തിൽ ഏഴുമാസത്തിനിടെ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായത് 208 കുറ്റവാളികൾ. കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, സൈബർ കുറ്റങ്ങൾ തുടങ്ങിയ കേസുകളിൽ തുടർച്ചയായി പ്രതിയാകുന്നവരെയാണ് ഗുണ്ടാനിയമം ചുമത്തി ജയിലിലാക്കിയത്.

കൊലപാതകം, വധശ്രമം, ക്രമസമാധാന പ്രശ്നമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ട 135 പേർക്കും മോഷണം, പിടിച്ചുപറി കേസുകളിൽപ്പെട്ട 39 പേർക്കും സൈബർ കേസുകളിൽ ഉൾപ്പെട്ട 14 പേർക്കും ലഹരിമരുന്നു കേസിലെ 13 പേർക്കും ലൈംഗികപീഡനക്കേസുകളിലെ രണ്ടുപ്രതികൾക്കും കരിഞ്ചന്തയിൽ റെംഡെസിവർ മരുന്ന് വിറ്റ നാലുപേർക്കും ഭക്ഷ്യവസ്തുക്കൾ കള്ളക്കടത്ത് നടത്തിയ ഒരാൾക്ക് എതിരേയുമാണ് ഏഴുമാസത്തിനിടെ ഗുണ്ടാനിയമം ചുമത്തിയത്.

കഴിഞ്ഞ ഒരാഴ്ചമാത്രം രണ്ടു സ്ത്രീകളടക്കം 14 പേരെ ഗുണ്ടാനിയമത്തിൽ അറസ്റ്റുചെയ്തു. നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെന്നൈ പോലീസ് അറിയിച്ചു.