ചെന്നൈ : ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽനിന്ന് 14 കിലോഗ്രാം കഞ്ചാവ് പിടിച്ചു. സംഭവത്തിൽ സ്ത്രീയടക്കം രണ്ടുപേരെ ചൂളൈമേട് പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, ഡ്രൈവർ പ്രകാശ് രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രകാശിന്റെ സുഹൃത്ത് തിരുവണ്ണാമല സ്വദേശി മുരുകൻ (25), കൊരട്ടൂർ സ്വദേശിനി വാണി (34) എന്നിവരാണ് പിടിയിലായത്. കൊരട്ടൂരിലെ വീട്ടിൽ പ്രകാശും വാണിയും ഒന്നിച്ച്‌ താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ചൂളൈമേട്ടിൽ കഴിഞ്ഞദിവസം വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി മുരുകൻ പിടിയിലായതോടെയാണ് പ്രകാശിനെയും വാണിയെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

അതോടെ കൊരട്ടൂരിലെ വീട്ടിൽ റെയ്ഡ് നടത്തി 14 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ഇരുവരെയും അറസ്റ്റുചെയ്യുകയുമായിരുന്നു. എന്നാൽ, ഇതിനകം പ്രകാശ് രക്ഷപ്പെട്ടു. ഇയാളെ തേടിവരികയാണെന്ന് പോലീസ് അറിയിച്ചു.