രാമായണകഥയെ ഗദ്യത്തിൽ പറയാതെ, പദ്യത്തിൽ പാടാൻ സാധിക്കുംവണ്ണം കാവ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ് എഴുത്തച്ഛൻ. എന്താണ് കവിത അഥവാ കാവ്യത്തിന്റെ പ്രത്യേകത? ഈ പ്രകൃതിതന്നെ ഈശ്വരന്റെ മഹത്തായ കാവ്യമാണെന്നാണ് അഥർവവേദത്തിൽ പറഞ്ഞിരിക്കുന്നത്. പ്രകൃതിയിൽ നിഹിതമായ താളത്തെ ‘ഋതം’ എന്നും വേദങ്ങളിൽ വിളിച്ചിരിക്കുന്നു. അങ്ങനെയുള്ള താളനിബദ്ധമായ ഈ പ്രകൃതിയിലെ പക്ഷിമൃഗാദികൾ പ്രത്യേക സന്ദർഭങ്ങളിൽ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾപോലും എത്രമാത്രം താളത്തോടും മാത്രകളോടും കൂടിയതാണെന്ന് ശ്രദ്ധിച്ചുകേട്ടാൽ നമുക്ക് മനസ്സിലാകും. നാലക്ഷരങ്ങളോടുകൂടിയ ‘പ്രതിഷ്ഠാ’ ഛന്ദസ്സിൽ, ‘കൊക്കരക്കോ’ എന്ന് കോഴി കൂവുന്നത് ഇതിനുദാഹരണമായി പറയപ്പെടുന്നു. എഴുത്തച്ഛന്റെ ശാരികപ്പൈതലാകട്ടെ കാകളി, കേക, കളകാഞ്ചി എന്നീ മൂന്ന്‌ കിളിപ്പാട്ടുവൃത്തങ്ങളിലായാണ് രാമായണകഥ പാടിത്തീർത്തത്. ബാലകാണ്ഡം, ആരണ്യകാണ്ഡം എന്നിവ കേകവൃത്തത്തിലും അയോധ്യാകാണ്ഡം, കിഷ്കിന്ധാകാണ്ഡം, യുദ്ധകാണ്ഡം എന്നിവ കാകളിവൃത്തത്തിലുമാണുള്ളത്. സുന്ദരകാണ്ഡത്തിന് അതിന്റേതായ സൗന്ദര്യസ്വത്വത്തെ നൽകാനായി അതുമാത്രം കളകാഞ്ചിവൃത്തത്തിൽ എഴുത്തച്ഛൻ നിർമിച്ചിരിക്കുന്നു.

സുന്ദരകാണ്ഡം ആരംഭിക്കുന്നതുതന്നെ ശാരികപ്പൈതലിനെ ‘സകലശുകകുലവിമലതിലകിതകളേബരേ’ എന്നു വിളിച്ചുകൊണ്ടാണ്. കളകാഞ്ചിയുടെ കിലുകിലുക്കം എഴുത്തച്ഛന്റെ ഈ വിളിക്കുള്ളിൽ നമുക്ക് കേൾക്കാൻ സാധിക്കുന്നു. തുടർന്ന് സുന്ദരകാണ്ഡത്തിൽ, ലങ്കയിലെ ഉദ്യാനത്തിന്റെ സൗന്ദര്യം വർണിക്കവേ ‘ബഹുലഫലകുസുമദലയുതവിടപിസങ്കുലം’ എന്നും ഹനുമാന്റെ ലങ്കാമർദനവർണനയിൽ ‘കുസുമ ദലഫല സഹിത ഗുൽമവല്ലീ തരുക്കൂട്ടങ്ങൾ’ എന്നും സസ്യജാലങ്ങളെക്കുറിച്ച് പറഞ്ഞതിലെ ദീർഘമായ സമസ്തപദപ്രയോഗത്തിൽ, പൂക്കളോടും പഴങ്ങളോടുംകൂടി ഇടതൂർന്ന് തിങ്ങിനിൽക്കുന്ന സസ്യലതാതരുക്കൂട്ടങ്ങളുടെ ദൃശ്യത്തിന്റെ ശബ്ദരൂപം കവി ആവിഷ്കരിച്ചിരിക്കുന്നത് അദ്ഭുതത്തോടെയേ നോക്കിക്കാണാനാകൂ. ഇനി വൃത്തവും സമസ്തപദപ്രയോഗവും അതോടൊപ്പം, പദ്യങ്ങളെ ഗദ്യങ്ങളിൽനിന്ന്‌ വേറിട്ടുനിർത്തുന്ന മറ്റൊരു പ്രധാന പ്രത്യേകതയായ ശബ്ദാലങ്കാരപ്രയോഗവും ഒത്തുചേരുന്ന ഒരു ഉദാഹരണം കാണിക്കാം:

‘സുന്ദരം രാമചന്ദ്രം പരമാനന്ദ-

മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-

വന്ദിതമിന്ദിരാമന്ദിരോരസ്ഥല-

മിന്ദ്രാവരജമിന്ദീവരലോചനം’

ആദ്യപദംപോലെത്തന്നെ സുന്ദരമാണീ കാവ്യഭാഗമത്രയും. കാകളിവൃത്തത്തിലുള്ള ശ്രീരാമസ്തുതിയിൽ ഇവ്വിധം മധുരവ്യഞ്ജനപ്രാസം ചേർത്തതിനാൽ മധുരപ്പായസമെന്നോണം രാമചന്ദ്രന്റെ പരമാനന്ദരസത്തെ നുകരാൻ ഭക്തർക്ക് സാധിക്കുന്നു.

ഇങ്ങനെ ശബ്ദവും അർഥവും വേർപിരിക്കാനാവാത്തവിധം ഒന്നിച്ചുചേർന്നിരിക്കുന്ന കാവ്യഭംഗിയെ രാമായണത്തിലുടനീളം നമുക്ക് ദർശിക്കാൻ സാധിക്കും.