ചെന്നൈ : കോവിഡ് വ്യാപനത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ മുരുഗൻ, അമ്മൻ ക്ഷേത്രങ്ങൾ അടച്ചിട്ടു. ശനിയാഴ്ച രാത്രിയോടെയാണ് ക്ഷേത്രങ്ങൾ അടച്ചിടാനുള്ള അറിയിപ്പ്‌ വന്നത്. ഞായറാഴ്ച രാവിലെയോടെ ക്ഷേത്രങ്ങൾ അടച്ചു. ഈ വിവരം അറിയാതെ ഒട്ടേറെപേർ ക്ഷേത്രങ്ങളിലെത്തി. നിരാശരായ പലരും പുറത്തുനിന്ന് പ്രാർഥിച്ച് തിരിച്ചുപോയി. മൂന്ന് ദിവസത്തേക്കാണ് ക്ഷേത്രങ്ങൾ അടച്ചിട്ടത്. ബുധനാഴ്ച മുതൽ ക്ഷേത്രങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കും.

ചെന്നൈയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ വടപളനി മുരുഗൻ ക്ഷേത്രത്തിലേക്ക് ഒട്ടേറെപേർ എത്തിയിരുന്നു. ആടിമാസത്തിൽ പൊങ്കലുണ്ടാക്കി ക്ഷേത്രത്തിനരികിൽ കാണിക്കവെക്കുക പതിവാണ്. ഞായറാഴ്ചയും ഭക്തർ പൊങ്കലുണ്ടാക്കി ക്ഷേത്രമതിലിന് സമീപംവെച്ച് പ്രാർഥിച്ച് തിരിച്ചുപോയി.

ചൂളൈ അഗാളമ്മൻ ക്ഷേത്രത്തിൽ ഒട്ടേറെപേർ എത്തിയിരുന്നു. തിരുത്തണി മുരുഗൻ ക്ഷേത്രവും കാഞ്ചീപുരം, തിരുവള്ളൂർ, തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി ജില്ലകളിലെ അമ്മൻ, മുരുഗൻ ക്ഷേത്രങ്ങളും അടഞ്ഞുകിടന്നു. ആടി മാസത്തിൽ അമ്മൻ, മുരുഗൻ ക്ഷേത്രങ്ങളിൽ ഒട്ടേറെപേർ ദർശനത്തിനെത്തുക പതിവാണ്. ഈ തിരക്ക് കണക്കിലെടുത്താണ് മൂന്ന് ദിവസത്തേക്ക് താത്കാലികമായി അടച്ചിടാൻ നിർദേശിച്ചതെന്ന് സർക്കാർ അറിയിച്ചു.

അമ്മൻ, മുരുഗൻ ക്ഷേത്രങ്ങളാണ് അടച്ചിടാൻ സർക്കാർ നിർദേശിച്ചതെങ്കിലും ചെന്നൈയിലെ ശിവക്ഷേത്രങ്ങളായ കപാലീശ്വര ക്ഷേത്രം, പുരസൈവാക്കം ഗംഗാദീശ്വരർ ക്ഷേത്രം എന്നിവയും ഞായറാഴ്ച അടച്ചിട്ടു.