ചെന്നൈ : കോവിഡ്ബാധിതരുടെ എണ്ണം വർധിച്ചതിനെത്തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ തിരക്കേറിയ മാർക്കറ്റുകൾ ഞായറാഴ്ച അടഞ്ഞുകിടന്നു. ശനിയാഴ്ച രാവിലെയോടെയാണ് കടകൾ ഈ മാസം ഒൻപതുവരെ അടച്ചിടാൻ ഉത്തരവുവന്നത്. നഗരത്തിൽ ദിവസവും കോവിഡ് രോഗികൾ ഉയർന്നുകൊണ്ടിരിക്കുന്നതിനെ തുടർന്നാണ് ചെന്നൈ കോർപ്പറേഷൻ അടച്ചിടാനുള്ള തീരുമാനമെടുത്തത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചെന്നൈയിലെ കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ പലരും മാർക്കറ്റുകളിലോ വിവാഹച്ചടങ്ങിലോ പങ്കെടുത്തവരായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് കോർപ്പറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി പറഞ്ഞു. ചെന്നൈയിലെ വിവിധ പ്രദേശങ്ങൾ പരിശോധിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ മാർക്കറ്റുകൾ ജനനിബിഡമാണ്. എവിടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ഇതേരീതി തുടർന്നാൽ മൂന്നാംവ്യാപനം ഉടനെവരാനുള്ള സാധ്യതയുണ്ടെന്നും കോർപ്പറേഷൻ കമ്മിഷണർ പറഞ്ഞു. ചെന്നൈയിൽ ജൂലായ് 26-ന് 122 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 29-ന് ഇത് 230 വരെയായി ഉയർന്നിരുന്നു.

ടി.നഗറിലെ രംഗനാഥൻ സ്ട്രീറ്റ്, പുരുഷവാക്കം, ട്രിപ്ലിക്കേൻ, എൻ.എൻ.സി. ബോസ് റോഡ്, റോയപുരം, അമിഞ്ചിക്കര, റെഡ്ഹിൽസ്, കൊത്തൽവാൽ ചാവഡി എന്നിവിടങ്ങളിലെ ചന്തകളാണ് അടച്ചിട്ടത്. രംഗനാഥൻ സ്ട്രീറ്റ് പൂർണമായും വിജനമായിരുന്നു. ചന്തകൾക്ക് സമീപമായി പ്രവർത്തിച്ചിരുന്ന വഴിയോരകച്ചവടക്കാരെയും ഒഴിപ്പിച്ചു.