ചെന്നൈ : നഗരത്തിലെ മൂന്ന് മെട്രോ റെയിൽവേ സ്റ്റേഷനുകൾക്ക് മുൻ മുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ജെ. ജയലളിത എന്നിവരുടെ പേര് നൽകി. ഈ നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല സമിതിയുടെ ശുപാർശ പ്രകാരം സ്റ്റേഷനുകൾക്ക് ഇവരുടെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന് അണ്ണാ രാജ്യാന്തര വിമാനത്താവളമെന്ന് പേര് നൽകിയതിനാൽ അതിന് അടുത്തുള്ള മെട്രോ സ്റ്റേഷനായ ആലന്തൂർ സ്റ്റേഷന് അറിജ്ഞർ അണ്ണാ ആലന്തൂർ മെട്രോസ്റ്റേഷൻ എന്ന പേരിടുകയായിരുന്നു. ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ പുരട്ച്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും. സെൻട്രൽ റെയിൽവേ സ്റ്റേഷന് കഴിഞ്ഞിടയ്ക്കാണ് എം.ജി.ആറിന്റെ പേർ നൽകിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബസ് ടെർമിനലുകളിൽ ഒന്നായ സി.എം.ബി.ടി. ഉദ്ഘാടനം ചെയ്തത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അതിനാൽ സി.എം.ബി.ടി. മെട്രോ സ്റ്റേഷന് പുരട്ച്ചി തലൈവി ഡോ.ജെ. ജയലളിത സി.എം.ബി.ടി. മെട്രോ സ്റ്റേഷൻ എന്ന പേരും നൽകുകയായിരുന്നു. ചെന്നൈ മെട്രോ സ്റ്റേഷനുകൾ അതത് സ്ഥലങ്ങളുടെ പേരിലായിരുന്നു ഇതുവരെ അറിയപ്പെട്ടിരുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ വ്യക്തികളുടെ പേര് നൽകുന്നത്.