ചെന്നൈ: പറന്നുയരുന്നതിനിടെ ടയര്‍പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. യാത്രക്കാര്‍ക്ക് അപകടമില്ല. ചെന്നൈ-ഡല്‍ഹി സ്‌പൈസ് ജെറ്റ് ബോയിങ് -737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം റണ്‍വേയില്‍ കുടുങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ചെന്നൈയില്‍നിന്ന് ഉച്ചയ്ക്ക് 1.43-ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു പൊട്ടിത്തെറി. ഉടന്‍തന്നെ പൈലറ്റ് വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

അപകടത്തെത്തുടര്‍ന്ന് പ്രധാന റണ്‍വേ അടച്ചിട്ടു. രണ്ടാം ടെര്‍മിനല്‍ ഉപയോഗപ്പെടുത്തിയാണ് മറ്റുസര്‍വീസുകള്‍ നടത്തിയത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റി. വിമാനം ചെന്നൈയില്‍നിന്ന് പുറപ്പെട്ടപ്പോള്‍ത്തന്നെ സാങ്കേതികത്തകരാറുള്ളതായി സംശയം തോന്നിയിരുന്നുവെന്നും അതിനാലാണ് ഉടന്‍ തിരിച്ചിറക്കിയതെന്നും സ്‌പൈസ്‌ജെറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

റണ്‍വേയില്‍ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയതായി ഗോഎയര്‍ എയര്‍ലൈന്‍സ് അറിയിച്ചു. 13 വിമാനങ്ങള്‍ ചെന്നൈയില്‍നിന്ന് പുറപ്പെടാനും 14 വിമാനങ്ങള്‍ ചെന്നൈയില്‍ ഇറങ്ങാനും വൈകിയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. രണ്ടുവിമാനങ്ങള്‍ വീതം ബെംഗളൂരുവിലേക്കും തൂത്തുക്കുടിയിലേക്കും തിരിച്ചുവിട്ടതായും ഇവര്‍ അറിയിച്ചു.