ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാനില തകിടം മറിഞ്ഞിരിക്കുകയാണെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. എന്നൂരിനടുത്ത് കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഋത്വികയുടെ രക്ഷിതാക്കളെ അനുശോചനമറിയിക്കാന്‍ എത്തിയതായിരുന്നു സ്റ്റാലിന്‍. 

   തമിഴ്‌നാട്ടില്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല. സര്‍ക്കാരും പോലീസും ജനങ്ങളോടുള്ള  കടമ മറക്കുകയാണ്. കൂവത്തൂരിലെ റിസോര്‍ട്ടിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആവശ്യത്തിന് പോലീസുകാരുണ്ടായിരുന്നു. നിയമസഭയില്‍നിന്ന് എം.എല്‍.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കാനും പോലീസിന് സാധിച്ചു. എന്നാല്‍ എന്തുകൊണ്ട് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല - സ്റ്റാലിന്‍ ചോദിച്ചു. 

   മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആദ്യം ഫയലുകളില്‍ ഒപ്പു വെയ്ക്കുന്നതിന് മുമ്പായി സ്ത്രീസുരക്ഷയിലാകട്ടെ അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ ബിനാമിയായ സര്‍ക്കാരിനോട് പെണ്‍കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതായും സ്റ്റാലിന്‍ പറഞ്ഞു.