നാടിനുവേണ്ടി ശത്രുക്കളുമായി പൊരുതുന്നതിനിടെ മരിച്ചവരെയും ധീരമായി പോരാടിയവരെയും ഓർക്കാൻ പുതിയൊരു സംരംഭവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബെംഗളൂരുവിലെ മൂന്നു മുൻസൈനികർ.

  ഇനി ആർക്കും ഓണർപോയന്റ് (www.honourpoint.in) എന്ന വെബ്‌സൈറ്റിൽ രക്തസാക്ഷികളായ അത്തരം പട്ടാളക്കാരെക്കുറിച്ച് വായിക്കാം.

      ബന്ധുക്കളോ സുഹൃത്തുക്കളോ അയൽക്കാരോ ആരുമാവട്ടെ നമുക്കറിയാവുന്ന ധീര രക്തസാക്ഷികളായ പട്ടാളക്കാരുടെ വിവരങ്ങൾ ചേർക്കുകയും ചെയ്യാം. മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരായ എം.എ. അഫ്‌റാസും എൽ.കെ. ചൗബേയും രാജേന്ദ്രപ്രസാദുമാണ് വെബ്‌സൈറ്റിനുപിന്നിലെ മൂവർ സംഘം. മൂന്നുപേരും വിങ് കമാൻഡർമാരായി വിരമിച്ചവർ.

   ‘‘ഒട്ടനേകം പട്ടാളക്കാർ നമ്മുടെ നാടിനുവേണ്ടി വീരചരമം പ്രാപിച്ചിട്ടുണ്ട്. അവരുടെ മുഴുവൻ രേഖകളും ഒരു പ്ലാറ്റ്ഫോമിൽ ക്രോഡീകരിക്കണം എന്ന ചിന്തയാണ്  ഇത്തരമൊരു സൈറ്റുമായി മുന്നിട്ടിറങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. മരിക്കുമ്പോൾ അവരെക്കുറിച്ച് വലിയ വാർത്തകൾ വരും. പക്ഷേ, അടുത്തദിവസം മറക്കുകയും ചെയ്യും.’’- എം.എ. അഫ്‌റാസ് പറയുന്നു.  
എണ്ണായിരത്തോളം സൈനികരുടെ വിവരങ്ങളാണ് ഇപ്പോൾ ഓണർ പോയന്റിലുള്ളത്. ഓരോദിവസവും പുതിയ പ്രൊഫൈലുകൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നുണ്ട്.

   നാടിനുവേണ്ടി ഈ പട്ടാളക്കാർ എന്തുചെയ്തുവെന്നും എങ്ങനെയാണ് അവർ ധീരരക്തസാക്ഷികളായി മാറിയതെന്നും വിശദമായി ഇവിടെ വായിക്കാം.  കൂടുതൽ വിവരങ്ങൾ പിന്നീട് എഡിറ്റ് ചെയ്ത് ചേർക്കാനുള്ള സൗകര്യവുമുണ്ട്. പുതിയ തലമുറയ്ക്ക് ഇന്ത്യ-ചൈന യുദ്ധത്തിലെയും കാർഗിൽ യുദ്ധത്തിലെയുമൊക്കെ ധീരന്മാരെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിതെന്ന് അഫ്‌റാസ് ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ, രക്തസാക്ഷികളായ പട്ടാളക്കാരുടെ കുടുംബത്തെ സഹായിക്കുന്നതിനായി വെബ്‌സൈറ്റിലൂടെ സംഭാവനകൾ സ്വീകരിക്കാനും പരിപാടിയുണ്ട്.

   1947 മുതൽ 24,000-ത്തോളം സൈനികരാണ് നമുക്ക് നഷ്ടപ്പെട്ടത്. ഇതിൽ  10300-ഓളം സൈനികരുടെ വിവരങ്ങൾ ഓണർപോയന്റിൽ ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്.

     അധികം വൈകാതെ മുഴുവൻ സൈനികരുടെയും വിവരങ്ങൾ ഇങ്ങനെ ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സർവീസ് നമ്പറും യൂനിറ്റും റാങ്കും ഉൾപ്പെടെയാണ് വിവരങ്ങൾ ചേർക്കുന്നത്.
ഓണർ പോയന്റിൽ നിന്നുള്ള ചില പ്രൊഫൈലുകൾ

മേജർ റുഷികേഷ് വല്ലഭ് ഭായ് രമണി
2009 ജൂൺ 7. ജമ്മുകശ്മീരിലെ കുപ്‌വാരയിലായിരുന്നു റുഷികേഷ് ഉൾപ്പെടുന്ന പഞ്ചാബ് റെജിമെന്റ്. അതിർത്തിയിൽനിന്ന് തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് സദാ ജാഗരൂകരായിരുന്നു അവർ. പുലർച്ചെ ഒരുമണിയോടെ അതിർത്തിക്കപ്പുറത്തുനിന്ന് ഒരു ചലനം. ആദ്യവെടിവെപ്പ്. പിന്നീട് തുടരെത്തുടരെ വെടിയുണ്ടകൾ ചീറിവന്നു.

  കൊടുംതണുപ്പിലും ഇന്ത്യയുടെ ധീരരായ സൈനികർ പതറിയില്ല. മേജർ റുഷികേഷിന്റെ നേതൃത്വത്തിൽ അവർ അതിശക്തമായി തിരിച്ചടിച്ചടിച്ചു. മൂന്നുതീവ്രവാദികളെ റുഷികേഷ്  വകവരുത്തി.  മണിക്കൂറുകൾക്കകം തീവ്രവാദികൾ നാമാവശേഷമായി. അപ്പോഴേക്കും 12 വെടിയുണ്ടകൾ റുഷികേഷിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയിരുന്നു.

മേജർ കമലേഷ് പാണ്ഡെ
കശ്മീരിലെ സായ്‌പോറ മേഖലയിൽ ഒരുപറ്റം തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന മിലിറ്ററി ഇന്റലിജൻസിന്റെ റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെത്തിയതായിരുന്നു മേജർ കമലേഷ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പട്ടാളസംഘം. പ്രദേശം മുഴുവൻ  അരിച്ചുപെറുക്കുന്നതിനിടെ ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികൾ വെടിയുതിർത്തത് പെട്ടെന്നായിരുന്നു. തിരിച്ചടിച്ച സൈന്യം തീവ്രവാദികളെ തുരത്തിയെങ്കിലും കമലേഷ് പാണ്ഡേ ഉൾപ്പെടെ രണ്ടു ധീരജവാന്മാർക്ക് വെടിയേറ്റിരുന്നു. മിലിറ്ററി ആസ്പത്രിയിലെത്തിച്ചപ്പോൾ അഞ്ചുവെടിയുണ്ടകളാണ് കമലേഷിന്റെ ശരീരത്തിൽനിന്ന്‌ പുറത്തെടുത്തത്. അധികം താമസിയാതെ കമലേഷിന്റെ ജീവൻ നഷ്ടമായി. 2017 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം.

ലാൻസ് നായിക് ആൽബർട്ട് എക്ക
1971-ലെ ഇന്ത്യാ-പാക് യുദ്ധകാലം. ഗംഗാസാഗറിൽ തമ്പടിച്ചിരുന്ന ശത്രുസൈന്യത്തെ തുരത്താനാണ് ലാൻസ് നായിക് ആൽബർട്ട് എക്ക ഉൾപ്പെടെ 14 അംഗസംഘം അവിടെയെത്തിയത്. ഒട്ടും വൈകാതെ  വെടിയുതിർക്കാനൊരുങ്ങുന്ന ശത്രുക്കളെ ഇന്ത്യൻ സൈന്യം കണ്ടെത്തി.

   പിന്നെ താമസിച്ചില്ല, യന്ത്രത്തോക്കുകൾ തീതുപ്പി. ശത്രുസൈന്യം തിരിച്ചും വെടിയുതിർത്തു. പക്ഷേ, ഇന്ത്യൻ സൈന്യം മുന്നേറി. വെടിയേറ്റിട്ടും ആൽബർട്ട് എക്ക ദൗത്യത്തിൽനിന്ന്‌ പിന്മാറിയില്ല. ശത്രുക്കളുടെ ബങ്കറുകൾ തകർത്തുതരിപ്പണമാക്കുന്നതുവരെ ആ ധീരസൈനികൻ പിടിച്ചുനിന്നു. ഒടുവിൽ മരണത്തിനു കീഴടങ്ങി.