വായനയെ സ്നേഹിക്കുന്നവർക്ക് പാലസ്ഗ്രൗണ്ടിലേക്ക് പോകാം. കൈനിറയെ പുസ്തകങ്ങൾ വാങ്ങാം. അതും കുറഞ്ഞവിലയിൽ. ഒട്ടേറെ പ്രശ്നങ്ങളിലും വിവാദങ്ങളിലും കുടുങ്ങി നിർത്തിവെച്ച ബെംഗളൂരു പുസ്തകോത്സവം  ഈവർഷം വീണ്ടും തുടങ്ങുകയാണ്. ലോകോത്തര കൃതികൾ ഉൾപ്പെടെ പത്തുലക്ഷത്തിലധികം പുസ്തകങ്ങളാണ് അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ബാലസാഹിത്യങ്ങൾ മുതൽ ശാസ്ത്രഗ്രന്ഥങ്ങൾവരെ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. നഗരത്തിന് ഇനി വായനയുടെ നാളുകൾ.

ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പാലസ്ഗ്രൗണ്ടിലെ ത്രിപുരവാസിനിയിൽ ബെംഗളൂരു പുസ്തകോത്സവം നടക്കുന്നത്. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള പുസ്തകങ്ങളുമായി 270-ഓളം സ്റ്റാളുകൾ.  20 രൂപയുടെ പാസെടുത്താൽ വിശാലമായ സ്റ്റാളുകളിലേക്ക് പ്രവേശിക്കാം. കന്നഡ പുസ്തകങ്ങൾക്ക് 20 ശതമാനം വരെയാണ് വിലക്കിഴിവ്. മറ്റു പുസ്തകങ്ങൾക്ക് 10 ശതമാനവും.
നഗരത്തിൽനിന്നു മാത്രമല്ല, മറ്റു ജില്ലകളിൽനിന്നുപോലും പുസ്തമേളയ്ക്കെത്തുന്നവരുണ്ട്. കുട്ടികൾക്കുള്ള പുസ്തകങ്ങൾക്കാണ് ആവശ്യക്കാരേറെ.  നൂറുരൂപമുതലാണ് ഇവയുടെ വില.

അമർചിത്രകഥ, ട്വിങ്കിൾ തുടങ്ങിയ പ്രമുഖ പ്രസാധകരാണ് ഈ വിഭാഗത്തിലെ മുഖ്യആകർഷണം. രണ്ടുവർഷം മുമ്പുവരെ ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പുസ്‌തകോത്സവത്തിൽനിന്ന് വാങ്ങുന്ന രീതിയാണുണ്ടായിരുന്നതെന്ന് സംഘാടകരിലൊരാളായ സുരേഷ്ഗൗഡ പറയുന്നു. അമ്പതിനായിരത്തോളം രൂപവരെയാണ് പുസ്തകങ്ങൾ വാങ്ങാൻ പലരും നീക്കിവെക്കുന്നത്. കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മൊബൈലും ടെലിവിഷനും ലഹരിയായിമാറുന്ന കാലത്ത് കുട്ടികളെ പുസ്തങ്ങളിലൂടെ മോചിപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് സുരേഷ്ഗൗഡയുടെ പക്ഷം.

സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങാനെത്തുന്നവരും ഏറെയാണ്. മെഡിക്കൽ, എൻജിനീയറിങ് പഠനമേഖലകൾക്ക് ആവശ്യമായ മുഴുവൻ പുസ്തകങ്ങളും ഇവിടെ ലഭിക്കും. സിവിൽ സർവീസ് പരിശീലനത്തിന് ആവശ്യമായ പുസ്തകങ്ങൾ അന്വേഷിച്ചെത്തുന്നവരുമുണ്ട്.

ശാസ്ത്രസംബന്ധമായ വിഷയങ്ങൾ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒട്ടേറെ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരോ ജീവികളെയുംകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകപരമ്പരയാണ് ഈ വിഭാഗത്തിൽ പ്രധാനം.

30-ഓളം പുസ്തകങ്ങളുടെ ഈ പുസ്തകപരമ്പരയ്ക്ക് വിലക്കിഴിവ് കഴിഞ്ഞ് 7000 രൂപയോളമാണ് വില.

നോവലുകളുടെ വിഭാഗവും സമൃദ്ധമാണ്. ഏറ്റവും കൂടുതൽ വിലക്കിഴിവുള്ളതും നോവലുകൾക്കുതന്നെ. 100 രൂപമുതലാണ് നോവലുകളുടെ വില. ഇന്ത്യൻ നോവലുകളിൽ ചൂടപ്പംപോലെ വിറ്റുപോകുന്നത് ചേതൻ ഭഗതിന്റെ കൃതികളാണെന്ന് വിൽപ്പനക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര നോവലുകളിൽ ഡാൻ ബ്രൗൺ കൃതികൾക്കാണ് പ്രിയം. ഹാരിപോർട്ടർ പരമ്പരയിലെ നോവലുകൾക്കും പ്രിയമേറെ. നോവലുകളോടുള്ള ഇഷ്ടം മനസ്സിലാക്കി വിവിധ പുസ്തകശാലകൾ പഴയ പുസ്തകങ്ങളും വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. പകുതി വിലയേ ഇവയ്ക്ക് നൽകേണ്ടതുള്ളു. വിവിധ മഠങ്ങളും മതകേന്ദ്രങ്ങളും പുസ്തകമേളയുമായി സഹകരിക്കുന്നുണ്ട്. ദിവസം ഏഴുലക്ഷം രൂപവരെ കച്ചവടം നടക്കുന്ന  പുസ്തകശാലകൾ മേളയിലുണ്ടെന്ന് സംഘാടകർ പറയുന്നു. പ്രസിദ്ധീകരണശാലകളും പുസ്തകശാലകളും മേളയിൽ പങ്കെടുക്കാൻ വലിയ താത്‌പര്യമാണ് പ്രകടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
പതിവിനു വിപരീതമായി ഇത്തവണ സംസ്ഥാന അഗ്നിരക്ഷാസേനയുടെ പ്രദർശനശാലയും ഒരുക്കിയിട്ടുണ്ട്. അഗ്നിരക്ഷാ ഉപകരണങ്ങളെക്കുറിച്ചും വീടുകളിലും കെട്ടിടങ്ങളിലും അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകയെക്കുറിച്ചും ബോധവത്കരണം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുസ്തകങ്ങൾ മാത്രമല്ല പുസ്തകമേളയിലുള്ളത്. ഭക്ഷണശാലകളും കളിപ്പാട്ടവിൽപ്പനകേന്ദ്രങ്ങളും മരങ്ങളിൽ കൊത്തുപണിചെയ്ത് നിർമിച്ച വീട്ടുപകരണങ്ങളും ഉണ്ട്. പുസ്തകശാലകളിൽ നടന്നുതളർന്നാൽ രുചിയേറിയ ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിക്കാമെന്നർഥം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങളാണ് ഇവിടെ ലഭിക്കുക. പുസ്തകമേള 21-ന് സമാപിക്കും.