ഏറെ കൗതുകം സൃഷ്ടിക്കുന്നതും അലങ്കാരമുള്ളവയുമാണ് കുള്ളൻമാരായ ബോൺസായി ചെടികൾ. ചെറിയ ചട്ടികളിൽ നിയന്ത്രിക്കപ്പെട്ട്  വളരുന്ന ഇവ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ഉദ്യാനങ്ങൾക്ക് വളരെ മികച്ച മനോഹാരിത നൽകാൻ ബോൺസായി ചെടികൾക്ക് സാധിക്കും. വിലപിടിപ്പുള്ളവയാണ് ബോൺസായി ചെടികളെന്നതിനാൽ എല്ലായിടത്തും ഇവയുടെ ഉദ്യാനം ഉണ്ടായെന്നുവരില്ല. എന്നാൽ വിവിധ രൂപത്തിലുള്ള നാന്നൂറ്റമ്പതോളം ബോൺസായി ചെടികൾ പരിപാലിക്കപ്പെടുന്ന മികച്ചൊരു ബോൺസായി ഉദ്യാനം കൊട്ടാരനഗരമായ മൈസൂരുവിൽ സ്ഥിതിചെയ്യുന്നുണ്ട്. ഊട്ടി റോഡിൽ ചാമുണ്ഡിമലയടിവാരത്തിലായി സ്ഥിതിചെയ്യുന്ന ശ്രീ ഗണപതി സച്ചിദാനന്ദ ആശ്രമത്തിലാണ് ഈ ബോൺസായി ഉദ്യാനം.

വിവിധ രീതികളിലൂടെയാണ് ബോൺസായി ചെടികൾ രൂപപ്പെടുത്തിയെടുക്കുന്നത്. നേർലംബ രീതി, ചുരുളൻ രീതി, ചെരിഞ്ഞ രീതി, വളഞ്ഞുപിരിയൻ രീതി, ചാഞ്ഞുവളരുന്ന രീതി തുടങ്ങിയവയാണിത്. ഇത്തരം രീതികളിലായി വിവിധ ഉയരത്തിലും ആകൃതിയിലുമുള്ള നിരവധി ബോൺസായി ചെടികളെ ഇവിടെ കാണാൻ സാധിക്കും. ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് ഇവിടെത്തെ പ്രധാന ബോൺസായി ചെടികൾ. രാജ്യത്തിനകത്തും പുറത്തുനിന്നുമാണ് ഇവിടേക്ക് ബോൺസായി ചെടികൾ എത്തിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളായ ചൈന, ഇന്ത്യോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, ഓസ്‌ട്രേലിയ, മെക്സിക്കോ, തായ്‌വാൻ എന്നിവിടങ്ങളിൽനിന്നുള്ള ബോൺസായി ചെടികൾ ഇവിടെയുണ്ട്.

ഏറ്റവും മികച്ച രീതിയിലാണ് ഇവിടെ ബോൺസായി ചെടികളെ പരിപാലിക്കുന്നത്. ഹൈദരാബാദിൽനിന്നെത്തുന്ന ബോൺസായി വിദഗ്‌ധന്റെയും ആശ്രമത്തിലെ പ്രത്യേക ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിപാലനം. 1000 രൂപ മുതൽ ലക്ഷങ്ങൾ വിലവരുന്ന ബോൺസായി ചെടികൾ ഇവിടെയുണ്ട്. ചൈനയിൽനിന്നുള്ള 15 ലക്ഷം രൂപ വിലവരുന്ന ബോൺസായി ചെടി ഇതിൽ പ്രധാനപ്പെട്ടതാണ്. അതിനാൽ മികച്ച സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. ഓരോ ചെടിയെക്കുറിച്ചുമുള്ള ചെറുവിവരണം അവയുടെ ചട്ടികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്ക് ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ജീവനക്കാരും പ്രവർത്തിക്കുന്നു. ഉദ്യാനത്തിലുള്ള നടപ്പാതയിലൂടെ സഞ്ചരിച്ച് ചെടികളെ തൊട്ടടുത്ത് കണ്ട് ആസ്വദിക്കാൻ സന്ദർശകർക്ക് സാധിക്കും. പച്ചപ്പുൽത്തകിടിയിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ചട്ടികളിൽ വളരുന്ന ഇവ കണ്ണിന് വളരെയധികം കുളിർമയേകും.

ആശ്രമത്തിന്റെ അധിപനായ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി 2005-ൽ സ്ഥാപിച്ചതാണ് ഈ ബോൺസായി ഉദ്യാനം. രാവിലെ ഒമ്പതര മുതൽ പന്ത്രണ്ടര വരെയും ഉച്ചയ്ക്ക് മൂന്നര മുതൽ അഞ്ചര വരെയുമാണ് ഉദ്യാനത്തിലേക്കുള്ള പ്രവേശനം. 20 രൂപയാണ് പ്രവേശനനിരക്ക്. പ്രതിദിനം ഇരുനൂറോളം പേരും ആഴ്ചയവസാനങ്ങളിൽ എണ്ണൂറോളം പേരും ഇവിടം സന്ദർശിക്കാനെത്തുന്നു. ദസറ പോലുള്ള അവധിവേളകളിൽ സന്ദർശകരുടെ എണ്ണം ഇതിലും വർധിക്കും. എല്ലാവർഷവും ഡിസംബറിൽ ഇവിടെ ബോൺസായി കൺവെൻഷൻ നടക്കാറുണ്ട്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ വേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബോൺസായി വിദഗ്‌ധർ പങ്കെടുക്കും. ബോൺസായി ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് അവയെ സ്വന്തമാക്കാനുള്ള അവസരമാണിത്. ബോൺസായി ചെടികൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവ പരിപാലിക്കേണ്ടതിനെക്കുറിച്ചുമുള്ള വർക്ക്‌ഷോപ്പുകൾ കൺവെൻഷനിൽ നടക്കും.

പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളൻ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചെറിയ ചട്ടികളിൽ നിയന്ത്രിച്ച് വളർത്തുന്ന ബോൺസായി സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. തളികയിലെ സസ്യം എന്നാണ് ബോൺസായി എന്ന വാക്കിന്റെ അർഥം. ഒരു ബോൺസായി ചെടിയുണ്ടാവാൻ ഏകദേശം 15 മുതൽ 20 വർഷംവരെ വേണ്ടിവരും. അതിനാൽ ക്ഷമ വളരെ അത്യന്താപേക്ഷിതമാണിതിന്. സാധാരണഗതിയിൽ 20 സെന്റിമീറ്റർ വരെ ഉയരമാണ് ഇവയ്ക്കുള്ളത്. വളരുതോറും ഭംഗി വർദ്ധിച്ചുവരുന്ന ബോൺസായി ചെടികളെ ഇഷ്ടപ്പെടുന്ന ഏതൊരാളും നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് മൈസൂരുവിലെ ഈ ബോൺസായി ഉദ്യാനം. കൂടാതെ  മൈസൂരുവിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഇവിടം സന്ദർശനപ്പട്ടികയിൽ ഉൾപ്പെടുത്താം.  ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതാണ് ഇവിടെത്തെ മനംമയക്കുന്ന ബോൺസായി ചെടികൾ.