എത്‌നിക് ഷിക് (ethnic chic) സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരു പേജാണിത്. അതിമനോഹരമായ വസ്ത്രങ്ങളും കരകൗശല-അലങ്കാര വസ്തുക്കളും കുറഞ്ഞനിരക്കിൽ ലഭ്യമാക്കാൻ വഴിചൂണ്ടുന്ന ഒരു പേജ്. ബെംഗളൂരു വൈറ്റ് ഫീൽഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പേജിന് ഒരു മലയാളി ബന്ധമുണ്ട്. കോഴിക്കോട് നടക്കാവ് സ്വദേശിയായ റോഷ്ണിയെന്ന വീട്ടമ്മയാണ് എത്‌നിക് ഷികിന്റെ ജീവൻ. വീട്ടിലിരുന്ന് ജോലി കണ്ടെത്തി വരുമാനമുണ്ടാക്കാൻ വീട്ടമ്മമാർക്കും കഴിയുമെന്ന് തെളിയിക്കുകയാണ് എം.ടെക്, എം.ബി.എ. ബിരുദധാരിയായ റോഷ്ണി. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തെത്തുടർന്ന് ജോലി അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ച വീട്ടമ്മ, പുതുസംരംഭം തുടങ്ങി വിജയിപ്പിച്ചത് കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം.
കൂട്ടുകാരുടെ പിറന്നാൾ ആഘോഷത്തിനും വിവാഹത്തിനുമെല്ലാം സ്വന്തമായി നിർമിച്ച കരകൗശലവസ്തുക്കൾ വിതരണം ചെയ്തതാണ് വഴിത്തിരിവായത്. സാരിയിലും ആഭരണങ്ങളിലൊക്കെ വ്യത്യസ്തമായ ഡിസൈനുകളൊരുക്കിയത് കൂട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് കൂട്ടുകാരുടെ കൂട്ടുകാർക്കുവേണ്ടിയായി സമ്മാനങ്ങളുടെ നിർമാണം. വെറുതേ വാങ്ങാൻ മടിയായതുകൊണ്ട് ഒരോന്നിനും പണം നൽകുകയും ചെയ്തു. അങ്ങനെ ആദ്യമായി പ്രതിഫലം കിട്ടിയത് 200 രൂപയാണ്. ചിത്രപ്പണിചെയ്ത ഒരു വളയ്ക്കായിരുന്നു അത്.
സംഭവം കൊള്ളാമെന്ന് അന്നു മനസ്സിലായി. പക്ഷേ, മാർക്കറ്റിങ്ങിനെക്കുറിച്ച് കാര്യമായ അറിവുകളുണ്ടായിരുന്നില്ല. ആറുമാസത്തോളം കംപ്യൂട്ടറിനുമുന്നിൽ കുത്തിയിരുന്ന് ഗവേഷണം നടത്തിയാണ് ഏകദേശമൊരു ധാരണയുണ്ടാക്കിയത്. ഫെയ്‌സ്ബുക്കിൽ ഒരു പേജുമുണ്ടാക്കി. അന്നുവരെ നിർമിച്ച കരകൗശല വസ്തുക്കളുടെയെല്ലാം ചിത്രവും പേജിൽ അപ്‌ലോഡ് ചെയ്തു. ആദ്യം സംഗതി വിജയിക്കുമോ അതോ എട്ടുനിലയിൽ പൊട്ടുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, പതിയെപ്പതിയെ എത്‌നിചിക് വിപണിയിൽ സ്വന്തമായി ഒരിടം നേടിയെടുത്തു. രണ്ടുവർഷത്തോളം കഴിഞ്ഞാണ് ethniichic.com എന്നപേരിൽ സ്വന്തമായി ഒരു വെബ്‌സൈറ്റ് തുടങ്ങുന്നത്. അത്രയും കാലതാമസമുണ്ടായതും പരാജയപ്പെടുമോയെന്ന ആശങ്കകൊണ്ടാണ്.
ടിഷ്യു ബോക്സ്മുതൽ ആഭരണംവരെ
കാറിൽ വെക്കുന്ന ടിഷ്യു ബോക്സ്, കുഞ്ഞുപെട്ടികൾ, വള, മാല, കമ്മലുകൾ, പ്രിന്റുചെയ്ത സാരിയും ചുരിദാറും, ചുമരിൽ തൂക്കാൻ പെയിന്റിങ്ങുകൾ. അങ്ങനെ എന്തും കിട്ടും എത്‌നിചികിൽ. ശൈലികളാണെങ്കിൽ കേരള മ്യൂറൽമുതൽ ഒഡിഷയിലെ പടചിത്രവരെ. ഉപഭോക്താക്കളുടെ ആവശ്യത്തിനാണ് പ്രാധാന്യം. ഈ ശൈലികൾ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം മനോഹരമായി സന്നിവേശിപ്പിക്കും. ആരുകണ്ടാലും രണ്ടാമതൊന്നുനോക്കിപ്പോകുന്ന വശ്യതയാണ് ഇവയുടെ മുഖമുദ്ര.
വെല്ലുവിളികളെ അതിജീവിച്ച സംരംഭം
സാമ്പ്രദായിക രീതിയിൽ ചിത്രകലയൊന്നും പഠിച്ചിട്ടില്ല റോഷ്ണി. ഇടക്കാലത്ത് കരകൗശലവസ്തുക്കൾ നിർമിക്കുന്ന ഒരു ശില്പശാലയിൽ പങ്കെടുത്തതുമാത്രമേ എടുത്തുപറയാനുള്ളൂ. ബാക്കിയെല്ലാം കഠിനാധ്വാനത്തിലൂടെ ആർജിച്ചെടുത്തവ.
യൂട്യൂബും മറ്റു സാമൂഹികമാധ്യമങ്ങളും കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. വീട്ടമ്മയിൽനിന്ന് സംരംഭകയായി വളർന്നത് ഈ ഘട്ടത്തിലാണ്. തുടക്കത്തിൽ നേരിടേണ്ടിവന്നത് ഒട്ടേറെ വെല്ലുവിളികളാണ്. ഏതൊരു സംരംഭത്തിനും തുടക്കത്തിൽ ഇത്തരം പ്രതിസന്ധികളുണ്ടാകുമെന്ന് തിരിച്ചറിവുള്ളതുകൊണ്ട് ധൈര്യപൂർവം നേരിടാൻ കഴിഞ്ഞു. ഭർത്താവ് ഐ.ടി. സംരംഭകനായ ബിജുവിന്റെ ഉപദേശവും സഹായവും കരുത്തായി. ഇന്നും ഏതു ഡിസൈൻ വരച്ചാലും ആദ്യം കാണിക്കുന്നത് ഭർത്താവിനെയും മക്കളെയും തന്നെ. അവരുടെ അഭിപ്രായം ഒരോ ഡിസൈനിനെയും മെച്ചപ്പെടുത്താൻ ഉപകരിച്ചിട്ടുണ്ടെന്ന് റോഷ്ണി. ഇപ്പോൾ പുതിയ ഡിസൈൻ പരീക്ഷണത്തിന് മക്കളായ റിഷികേശും റിതുരാജുവിനുമാണ് കൂടുതൽ ആവേശം.
പെൺകുട്ടികൾക്ക് പുതുജീവൻ
ഇപ്പോൾ പരിശീലനത്തിന് അഞ്ചുപെൺകുട്ടികൾ വീട്ടിലെത്തുന്നുണ്ട്. പണമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്ന പെൺകുട്ടികൾ.
ലഭിക്കുന്ന വരുമാനത്തിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിവരികയാണ് ഇവർ. ഇത്തരം കൂടുതൽ പെൺകുട്ടികളെ കണ്ടെത്തി പരിശീലനം നൽകാനാണ് റോഷ്ണിയുടെ തീരുമാനം. തങ്ങൾക്കൊപ്പമുള്ളവരെയും ഉയർത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫ്രീലാൻസായി എത്‌നിചികുമായി സഹകരിക്കുന്നവരുമുണ്ട്.
കഠിനാധ്വാനം വിജയമന്ത്രം
രണ്ടാണ് എത്‌നിചികിന്റെ വിജയരഹസ്യം. ഒന്ന് കഠിനാധ്വാനം, രണ്ടാമത്തേത് വിപണിയെക്കുറിച്ചുള്ള കൃത്യമായ പഠനം. തുടക്കത്തിൽ മണിക്കൂറുകളോളം വിപണിയെക്കുറിച്ചറിയാൻവേണ്ടി മാറ്റിവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ ദിവസവും അപ്‌ഡേറ്റ് ചെയ്താൽ മതിയെന്നായി. കഠിനമായി അധ്വാനിക്കാനുള്ള മനസ്സും താത്പര്യവുമുണ്ടെങ്കിൽ ഏതു സംരംഭവും വിജയിക്കുമെന്നാണ് ഇതിൽനിന്ന് പഠിച്ച പാഠം.
വളർച്ച ലക്ഷ്യം
അഞ്ചുവർഷത്തിനുള്ളിൽ എത്‌നിചികിന്റെ 10 കോടി ടേൺ ഓവറുള്ള കമ്പനിയാക്കാനാണ് റോഷ്ണിയുടെ ലക്ഷ്യം. ഇതിനുവേണ്ടിയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ലക്ഷ്യത്തിലേക്ക് എത്തുമെന്ന കാര്യത്തിൽ റോഷ്ണിക്ക് ഒരു സംശയവുമില്ല