ബോഡി ബിൽഡിങ്ങിലെ പെൺകരുത്ത് അതാണ് കൊച്ചി കലൂർ സ്വദേശിനിയായ ഓഷോ ജിമ്മി. സൗന്ദര്യമത്സരത്തിൽ റാമ്പുകളിൽ ചുവടുവെക്കുന്ന പെൺകുട്ടികൾ ഏറെയാണ്. എന്നാൽ, കൈയിലും കാലുകളിലും മസിലും ബിക്കിനിയുമായി ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ കുറവാണ്. പ്രധാന തടസ്സം എതിർപ്പുകൾ തന്നെയാണ്. ഓഷോ ജിമ്മിക്കും നേരിടേണ്ടിവന്നത് കുടുംബത്തിന്റെ എതിർപ്പുകൾ തന്നെയാണ്. ഇതിനെയെല്ലാം തരണം ചെയ്താണ് ബോഡിബിൽഡിങ്ങിൽ ഈ ഇരുപതുകാരി ഉറച്ചുനിൽക്കുന്നത്. ഇച്ഛാശക്തിയിലൂടെ സ്വന്തം വഴി വെട്ടിത്തുറന്ന പെൺകരുത്ത്. ഇപ്പോൾ തായ്‌ലാൻഡിൽ നടക്കുന്ന മിസ് യൂണിവേഴ്‌സിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടി ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ ജിമ്മിൽ പരിശീലകയാണ്. ഇതിനിടയിൽ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാം ശരിയാകും എന്നായിരുന്നു മറുപടി. എതിർപ്പുകളൊന്നും ഓഷോ കാര്യമാക്കുന്നില്ല. മിസ് യൂണിവേഴ്‌സിൽ പങ്കെടുക്കണമെങ്കിൽ വലിയ തയ്യാറെടുപ്പുകൾ വേണം. ഇതിന് പണച്ചെലവും ഏറെയാണ്. ജിമ്മുകളിൽ പരിശീലകയായി ജോലി ചെയ്യുന്നതാണ് ഏക വരുമാന മാർഗം. സ്പോൺസർമാരെ കിട്ടിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഓഷോയ്ക്കുണ്ട്. ഇതിനായുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കാൻ നല്ലൊരു തുക ചെലവായി. ശരീരം ഒരേപോലെ നിലനിർത്താൻ ഏറെ ചെലവുണ്ട് -ഓഷോ പറഞ്ഞു.

പെൺകുട്ടികൾ അപൂർവമായി മാത്രം എത്തിപ്പെടാറുള്ള ബോഡി ബിൽഡിങ്ങിൽ കഴിവുതെളിയിച്ചതിനെക്കുറിച്ച് ചോദിച്ചാൽ ഓഷോക്ക് പറയാൻ ഏറെയുണ്ട്. ചെറുപ്പം മുതൽ സ്പോർട്‌സിലുള്ള താത്പര്യമാണ് ബോഡി ബിൽഡിങ്ങിൽ എത്തിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ജാവലിനിലും ഡിസ്ക്‌സ് ത്രോയിലും ഷോട്ട് പുട്ടിലും മത്സരിച്ച് കഴിവ് തെളിയിച്ചു. പലതിലും സംസ്ഥാന ചാമ്പ്യനുമായി. സുഹൃത്തുക്കളോടൊപ്പം കൊച്ചിയിൽ പുറത്തിറങ്ങിയപ്പോഴുണ്ടായ ദുരനുഭവമാണ് വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയപ്പോൾ ചലർ ശല്യം ചെയ്തു. ഇവരെ തെരുവിൽ കായികമായി നേരിടുന്നത് കണ്ട അധ്യാപികയുടെ വാക്കുകളാണ് പ്രചോദമായത്. നിനക്ക് നല്ലത് ബോക്സിങ്ങാണ് എന്നായിരുന്നു അവർ പറഞ്ഞത്. ഇതോടെ ജിംനേഷ്യത്തിൽ പോയി. ബോക്സിങ്ങിൽ പരിശീലനവും തുടങ്ങി. ഇതിനിടയിലാണ് പെൺകുട്ടികൾ എത്തിപ്പെടാത്ത ബോഡിബിൽഡിങ്‌ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടൊന്നും ആലോചിച്ചില്ല. ഈ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എതിർപ്പുകളായി. മാതാപിതാക്കൾക്ക് യോജിക്കാനായില്ല. പ്രത്യേകിച്ചും അമ്മയ്ക്ക്. എതിർപ്പ് മത്സരത്തിലെ വസ്ത്രത്തോടായിരുന്നു. ബിക്കിനി ധരിച്ച്  മത്സരത്തിൽ പങ്കെടുക്കുന്നതായിരുന്നു എതിർപ്പ്. എന്നാൽ, ഇതൊന്നും വകവെക്കാതെ ഇഷ്ടപ്പെട്ട രംഗത്ത് തുടരാനായിരുന്നു തീരുമാനം. ഒടുവിൽ കൊച്ചി വിട്ട് ബെംഗളൂരുവിലേക്ക് പോന്നു.
ബെംഗളൂരു മഹാനഗരത്തെക്കുറിച്ച് കൂടുതലൊന്നും അറിയാതെയായിരുന്നു യാത്ര. കൊച്ചിലെ ജിംനേഷ്യത്തിൽ പരിശീലനം നൽകിയത് മാത്രമായിരുന്നു കൈമുതൽ. ബെംഗളൂരുവിൽ ജിമ്മിൽ പരിശീലകയായപ്പോഴും ലക്ഷ്യം ശരീരസൗന്ദര്യമത്സരം തന്നെയായിരുന്നു മനസ്സിൽ. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്തി. പരിശ്രമം വെറുതേയായില്ല. മിസ് യൂണിവേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇനിയുള്ള തടസ്സം പണമില്ലെന്നതാണ്.  നേരത്തേ കേരള ബോഡിബിൽഡിങ് അസോസിയേഷനെ സമീപിച്ചിരുന്നെങ്കിലും പ്രതികരണം മോശമായിരുന്നുവെന്ന് ഓഷോ ജിമ്മിക്ക് പരാതിയുണ്ട്.

ബോഡി ബിൽഡിങ് അത്ര എളുപ്പമാണെന്ന് ആരും വിചാരിക്കരുത്. കഠിനാധ്വാനത്തോടൊപ്പം ഇഷ്ടപ്പെട്ട പലതും ത്യജിക്കേണ്ടിവരും. പ്രത്യേകിച്ചും ഭക്ഷണത്തിലെ ചിട്ട പാലിക്കണമെങ്കിൽ മനോബലം തന്നെവേണം. വ്യക്തിപരമായ അച്ചടക്കമാണ് പ്രധാനപ്പെട്ടത്. മത്സരം വരുമ്പോൾ അരിഭക്ഷണം ഒഴിവാക്കണം. വേവിച്ച കോഴിയിറച്ചി മാത്രമാണ് ഭക്ഷണം.

ഉപ്പിടാതെ വെള്ളത്തിലിട്ട് പുഴുങ്ങിയ കോഴിയിറച്ചി കഴിക്കണം. ഇതൊന്നും എളുപ്പമല്ലെന്ന് ആർക്കുമറിയാം. ഇത്രയും കഠിനമായ തയ്യാറെടുപ്പാണ് മത്സരത്തിനുവേണ്ടത്. ജീവിതവിജയത്തിന് ത്യാഗവും പരിശ്രമവും അത്യാവശ്യമാണെന്ന് ഓഷോ ജിമ്മി പറയുന്നു. ഓഷോ ജിമ്മിയുടെ കുടുംബവും കലാ രംഗത്ത് അറിയപ്പെടുന്നവരാണ്. അച്ഛൻ ആന്റണി ജിമ്മി സിനിമാരംഗത്ത് സഹസംവിധായകനാണ്. സഹോദരൻ  സോളമൻ ജിമ്മി  അസിസ്റ്റന്റ് ക്യാമറാമാനും.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛനും സഹോദരനും  സഹായിക്കില്ലെന്ന പരിഭവവും ഓഷോയ്ക്കുണ്ട്. ഇപ്പോൾ എതിർപ്പുണ്ടെങ്കിലും ഒരു കാലത്ത് അച്ഛനും അമ്മയും അംഗീകരിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഓഷോ ജിമ്മി.